സ്വന്തം ലേഖകൻ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവല്‍നിയുടെ മരണത്തിനിടയാക്കിയത് ഹൃദയത്തിനേറ്റ ശക്തമായ പ്രഹരമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. നെഞ്ചിൽ ഹൃദയത്തിന്‍റെ ഭാഗത്ത് മുഷ്ടിചുരുട്ടി ഇടിച്ച്, ശക്തമായ പ്രഹരമേൽപിച്ച് കൊലനടത്തുത് റഷ്യൻ രഹസ്യാന്വേഷണ-സുരക്ഷാ ഏജൻസിയായിരുന്ന കെ.ജി.ബിയുടെ രീതിയാണെന്നും ഈ രീതിയിലാകാം നവൽനിയുടെ കൊലപ്പെടുത്തിയതെന്നുമാണ് വെളിപ്പെടുത്തൽ.
നവല്‍നി തടവിലായിരുന്ന പീനൽ കോളനി ജയിലിലെ ജീവനക്കാരന്‍റെ വെളിപ്പെടുത്തല്‍ ഉദ്ധരിച്ച് ഗുലാഗു ഡോട്ട് നെറ്റ് എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകന്‍ വ്‌ലാദിമിര്‍ ഒസെച്കിനാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. നവല്‍നിയുടെ മൃതദേഹം റഷ്യന്‍ സര്‍ക്കാര്‍ ഇതുവരെയും കുടുംബത്തിന് വിട്ടുനല്‍കിയിരുന്നില്ല. ആ സാഹചര്യത്തിലാണ് മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പുറത്തുവന്നത്. ഇതില്‍ ഏറ്റവും പുതിയതാണ് കെ.ജി.ബി. സ്റ്റൈല്‍ കൊലപാതകം.
1991 ഡിസംബര്‍ മൂന്നിന് ഔദ്യോഗികമായി പിരിച്ചുവിട്ടെങ്കിലും കെ.ജി.ബി. മറ്റു പലപേരുകളിലായി ഇപ്പോഴും റഷ്യയില്‍ തന്നെയുണ്ട്. ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസ് (എസ്.വി.ആര്‍.) എന്ന പേരില്‍ തുടര്‍ന്നിരുന്ന സംഘടന ഇപ്പോള്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി.) എന്ന പേരിലാണ് റഷ്യയിലുള്ളത്. ഇവരുടെ സഹായത്തോടെയാണ് നവാല്‍നിയെ കൊലപ്പെടുത്തിയതെന്നാണ് ഒസെച്കിന്‍ പറയുന്നത്. ഇതിന്റെ വിശദാംശങ്ങളും അദ്ദേഹം അന്താരാഷ്ട്ര മാധ്യമങ്ങളോട് പങ്കുവെച്ചിട്ടുണ്ട്.
‘കൊലപ്പടുത്തുന്നതിന് മുമ്പായി നവല്‍നിയെ അവര്‍ വളരെനേരം ജയിലിന് പുറത്തെ കടുത്ത തണുപ്പില്‍ നിര്‍ത്തിയിട്ടുണ്ടാവാം എന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരത്തില്‍ നവല്‍നിയുടെ രക്തയോട്ടം ഏറ്റവും കുറഞ്ഞ അളവില്‍ എത്തിച്ചിരിക്കാം. ‘ഒറ്റയിടി’ ടെക്‌നിക് അറിയാവുന്ന ഒരാള്‍ക്ക് പിന്നീടുള്ള ജോലി വളരെ എളുപ്പമാണ്. നെഞ്ചിൻകൂട് തകര്‍ത്തുകൊണ്ടുള്ള ഒരൊറ്റ ഇടിമതി, ഞൊടിയിടയ്ക്കുള്ളില്‍ മരണം സംഭവിക്കും,’ ജയില്‍ ജീവനക്കാരനെ ഉദ്ധരിച്ച് ഒസെച്കിന്‍ പറയുന്നു.
നവല്‍നിയുടെ മൃതശരീരത്തില്‍ ചതവുകള്‍ ഉണ്ടായിരുന്നതായി ഇതിനുമുമ്പ് വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. സാധാരണ ജയിലില്‍ മരണം സംഭവിക്കുമ്പോള്‍ മൃതദേഹം ഫോറിന്‍ മെഡിസിന്‍ ബ്യൂറോയിലേക്കായിരിക്കും കൊണ്ടുപോകുക. എന്നാല്‍, നവല്‍നിയുടെ കേസില്‍ മറ്റൊരു ചെറിയ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്നും ചില ജയില്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.
തടവുകാരനായി കഴിയവെ ജയിലിനുള്ളില്‍ നവല്‍നിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നായിരുന്നു ജയില്‍ അധികൃതര്‍ പുറംലോകത്തെ അറിയിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുതിന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, നവല്‍നിയുടെ മരണത്തിന് പുതിന്‍ തന്നെയാണ് ഉത്തരവാദി എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചിരുന്നു. നവല്‍നിയുടെ ഭാര്യ യൂലിയ നവല്‍നയും മകള്‍ ഡാഷ നവല്‍നയും ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, നവല്‍നിയുടെ മൃതദേഹം സലേഖാര്‍ദിലെ മോര്‍ച്ചറിയില്‍ അദ്ദേഹത്തിന്റെ അമ്മ ല്യുദ്മില നവല്‍നയെ കാണിച്ചതായും ‘സ്വാഭാവികമരണം’ എന്ന് കാരണം രേഖപ്പെടുത്തിയ മരണസര്‍ട്ടിഫിക്കറ്റ് കൈമാറിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ, നവൽനിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നവൽനിയുടെ അമ്മ ല്യുദ്മില നവൽനയയ്ക്കാണ് റഷ്യൻ അധികൃതർ മൃതദേഹം വിട്ടുനൽകിയത്.
നേരത്തേ, മൃതദേഹം വിട്ടുനൽകാത്തതിൽ പ്രസിഡന്റ് വ്ളാദിമിർ പുതിനെ രൂക്ഷമായി വിമർശിച്ച് നവൽനിയുടെ ഭാര്യ യൂലിയ നവൽനയ രംഗത്തെത്തിയിരുന്നു. മൃതദേഹം രഹസ്യമായി അടക്കംചെയ്യാൻ സമ്മതിക്കണമെന്നാവശ്യപ്പെട്ട് നവൽനിയുടെ അമ്മ ല്യുദ്മിലയെ ഭീഷണിപ്പെടുത്തുന്നതിലൂടെ പുതിൻ ക്രിസ്തുമതത്തെ പരിഹസിച്ചെന്നും യൂലിയ കുറ്റപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല