സ്വന്തം ലേഖകൻ: റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്‌സി നവല്‍നിയുടെ മരണവാര്‍ത്തയില്‍ തനിക്കൊട്ടും ആശ്ചര്യം തോന്നുന്നില്ലെന്നും മറിച്ച് അതിയായ രോഷമുള്ളതായും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പുതിന്‍ ഭരണകൂടം തുടര്‍ന്നുവരുന്ന അഴിമതിയും അതിക്രമവും ഉള്‍പ്പെടെയുള്ള എല്ലാവിധ അന്യായപ്രവൃത്തികളേയും അലക്‌സി നവല്‍നി ധീരമായി എതിര്‍ത്തിരുന്നതായും അലക്‌സിയുടെ മരണത്തിന് വ്‌ളാദിമിര്‍ പുതിനാണ് ഉത്തരവാദിയെന്നും ബൈഡന്‍ പറഞ്ഞു.
പുതിന്റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു 47 കാരനായ നവല്‍നി. നവല്‍നിയുടെ ജീവന് അപകടമുണ്ടാകുന്നപക്ഷം പകരം വലിയ വില നല്‍കേണ്ടിവരുമെന്ന് 2021 ജൂണില്‍ ജനീവയില്‍ പുതിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ബൈഡന്‍ പ്രതികരിച്ചിരുന്നു. നവല്‍നിയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ അഭിസംബോധനാപ്രസംഗത്തില്‍ നവല്‍നിയുമായ നടത്തിയ സംഭാഷണത്തെക്കുറിച്ചും പുതിന്‍ പരാമര്‍ശിച്ചു. നേരിന്റെ കരുത്തുറ്റ സ്വരമായിരുന്നു നവല്‍നിയെന്നും ബൈഡന്‍ ഓര്‍മിച്ചു.
വടക്കന്‍ ആര്‍ട്ടിക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പീനല്‍ കോളനിയില്‍ ജയില്‍വാസമനുഭവിച്ചുവന്നിരുന്ന നവല്‍നിയെ വെള്ളിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അലക്‌സിയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈറ്റ് ഹൗസ് തേടിയിട്ടുണ്ട്. വഞ്ചനാക്കുറ്റമുള്‍പ്പെടെ ചുമത്തി 30 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട നവല്‍നിയെ പീനല്‍ കോളനിയിലേക്ക് മാറ്റി രണ്ട് മാസമാകുന്നതേയുള്ളൂ.
നവല്‍നിയുടെ മരണം യുഎസ്-റഷ്യന്‍ നയതന്ത്രബന്ധത്തില്‍ കൂടുതല്‍ വിള്ളലിന് കാരണമായേക്കാമെന്നാണ് അന്താരാഷ്ട്രവിലയിരുത്തല്‍. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിത്തീര്‍ന്നിരിക്കുന്ന സാഹചര്യം കൂടിയാണ് നിലവില്‍. യുക്രൈന് ആയുധശേഖരമെത്തിക്കുന്നതിനായുള്ള സാമ്പത്തികസഹായത്തിനുള്ള അനുമതിക്കായി യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളോട് ബൈഡന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കറും റിപ്പബ്ലിക്കന്‍ അംഗവുമായ മൈക്ക് ജോണ്‍സണ്‍ ഇതുവരെ യുക്രൈന് സാമ്പത്തികസഹായത്തിനുള്ള ബില്‍ സെനറ്റില്‍ അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍ നവല്‍സിയുടെ മരണത്തിനുപിന്നാലെ, യുക്രൈനെതിരെയുള്ള യുദ്ധവും ബാള്‍ട്ടിക് രാജ്യങ്ങള്‍ക്കെതിരേയുള്ള അധിനിവേശവും കണക്കിലെടുത്ത് പുതിന്റെ പ്രബലതയ്ക്ക് കോട്ടം വരുത്താനുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുമെന്ന് മൈക്ക് ജോണ്‍സണ്‍ അറിയിച്ചിട്ടുണ്ട്.
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് നവല്‍നിയുടെ പത്‌നി യൂലിയയെ സന്ദര്‍ശിച്ച് നവല്‍നിയുടെ മരണത്തിലെ ഖേദവും രോഷവും പങ്കുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല