സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് രാജ്ഞിക്ക് പൂകൊടുക്കാന്‍ മനസില്ല, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി രണ്ടു വയസുകാരന്‍ ആല്‍ഫി. ഇറാഖിലും അഫ്ഗാനിസ്താനിലും നടന്ന യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികര്‍ക്കുള്ള സ്മാരകം അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ എലിസബത്ത് രാജ്ഞിക്ക് പൂച്ചെണ്ട് നല്‍കേണ്ട ഉത്തരവാദിത്തം ആല്‍ഫിക്കായിരുന്നു. ആല്‍ഫിയുടെ അച്ഛന്‍ ഇറാഖിലും അഫ്ഗാനിസ്താനിലും അമ്മ അഫ്ഗാനിസ്താനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എന്നാല്‍ രാജ്ഞിക്ക് പൂച്ചെണ്ട് നല്‍കേണ്ട സമയമെത്തിയപ്പോള്‍ പൂ നല്‍കുന്നതിനു പകരം അമ്മയുടെ പിടിവിട്ട് നിലത്തിരിക്കാന്‍ പിടിവലി നടത്തുന്ന ആല്‍ഫി രാജ്ഞിയടക്കം ചുറ്റും കൂടിയവരില്‍ ചിരിയുണര്‍ത്തി. സംഭവത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ശാഠ്യക്കാരനായ ആല്‍ഫിയെ അവന്റെ അമ്മ ഒരു വിധത്തിലാണ് പിടിച്ചുനിര്‍ത്തിയത്.
ഒടുവില്‍ മനസില്ലാമനസ്സോടെ ആല്‍ഫി പൂച്ചെണ്ട് രാജ്ഞിക്ക് കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. ആല്‍ഫിയുടെ ബഹുമാനക്കുറവ് കണക്കാക്കാതെ രാജ്ഞി പൂഞ്ചെണ്ട് വാങ്ങി ചിരിച്ചതോടെ പരിപാടി കുഴപ്പമില്ലാതെ തുടരുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല