ജര്‍മനിയിലെ കാള്സ്രൂവേയില് 42 കിലോമീറ്റര്‍ മാരത്തണില്‍ പങ്കെടുത്ത് വിജയിച്ച സ്വര്‍ണ മെഡലുമായി ജര്‍മന്‍ സ്വദേശി ഹെല്‍മുട്ട് സ്ക്വാര്‍സ് ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ പ്രാര്‍ഥനയ്ക്കായി എത്തും. വലതുകാല്‍മുട്ടിലെ മുഴ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയില്‍ സുഖപ്പെട്ടതിന്റെ നന്ദി അറിയിക്കാന്‍ ജര്‍മനിയിലെ ഫോര്ഹൈമില്നിന്നു പുറപ്പെട്ട ഹെല്‍മുട്ടും സുഹൃത്തുക്കളും ഇന്നലെ കോട്ടയത്തെത്തി. തുരുത്തി കാനായിലെ അന്താരാഷ്ട്ര കുടുംബ പഠന കേന്ദ്രത്തില്‍ ഡീനായി സേവനം അനുഷ്ഠിക്കുന്ന റവ. ഡോ. ജേക്കബ് കോയിപ്പള്ളിക്കൊപ്പമാണ് ഹെല്‍മുട്ട് ഭരണങ്ങാനത്തെത്തുന്നത്.
ഫാ. ജേക്കബ് കോയിപ്പള്ളി ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലെ അവധിക്കാല ശുശ്രൂഷകള്‍ക്കായി എല്ലാ വര്‍ഷവും ജര്‍മനിയിലെ ഫോര്ഹൈമിലെ സെന്റ് മാര്ട്ടിന് ദേവാലയത്തിലെത്താറുണ്ട്. ഇവിടത്തെ പാരീഷ് സെക്രട്ടറിയാണ് ഹെല്‍മുട്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഫാ. ജേക്കബ് ജര്‍മനിയിലെത്തിയിരുന്നു. ഹെല്‍മുട്ടിന്റെ വലതുകാലിലെ മുഴ ശ്രദ്ധയില്‍പ്പെട്ട ഫാ. ജേക്കബ് ഉടന്‍തന്നെ അദ്ദേഹത്തെ ജര്‍മനിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയിലെത്തിച്ചു.
ഇതിനിടെ സ്വിറ്റ്സര്‍ലന്‍ഡിലെ ബേണിലെ സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുവാന് അവിടത്തെ വികാരിയച്ചന്റ ക്ഷണം ഫാ. ജേക്കബിനു ലഭിച്ചു. യാത്രയില്‍ ഫാ. ജേക്കബ് ഹെല്മുട്ടിനെയും കൂട്ടി. അല്‍ഫോന്‍സാമ്മയോടു പ്രാര്‍ഥിച്ചാല്‍ അത്ഭുതം നടക്കുമെന്നു ഫാ. ജേക്കബ് ഹെല്മുട്ടിനോടു പറഞ്ഞു.
വിശുദ്ധ കുര്‍ബാനയിലും അല്‍ഫോന്‍സാമ്മയുടെ രൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തിലും ഹെല്‍മുട്ട് പങ്കെടുത്തു. തന്റെ വലതുകാല്‍മുട്ടിലെ മുഴ ഓപ്പറേഷന് കൂടാതെ മാറ്റിത്തരണമേ എന്നു വിശ്വാസപൂര്‍വം പ്രാര്‍ഥിച്ചു. അന്നു രാത്രി അവിടെയാണ് ഇരുവരും കഴിഞ്ഞത്. പിറ്റേന്ന് പുലര്‍ച്ചെ, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ കാല്‍മുട്ടിലെ മുഴ അപ്രത്യക്ഷമായ വിവരവുമായാണ് ഹെല്‍മുട്ട് ഉണര്‍ന്നത്.
ഇതു സാക്ഷ്യപ്പെടുത്തുവാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നു. എന്നാല്‍ സ്പോര്‍ട്സ് താരം കൂടിയായ ഹെല്‍മുട്ട് തൊട്ടടുത്ത മാസം കാള്സ്രൂവേയില് 2,000 പേര് പങ്കെടുത്ത 42 കിലോമീറ്റര്‍ മാരത്തണില്‍ പങ്കെടുത്തു വിജയിയായി മെഡല്‍ നേടി. തുടര്‍ന്ന് ചികിത്സ തേടിയ ഡോക്ടറുടെ അടുത്തെത്തി. വൈദ്യശാസ്ത്രത്തില്‍ പോലും അദ്ഭുതം നിറഞ്ഞ സംഭവമാണിതെന്ന് ഹെല്മുട്ടിനെ ചികിത്സിച്ച ഡോക്ടര്‍ കിഫര്‍ പറഞ്ഞു. മുഴ പൂര്‍ണമായും ഭേദപ്പെട്ടതിന്റെ സാക്ഷ്യപത്രവും ഡോക്ടര്‍ നല്കി.
ഫാ. ജേക്കബിനോട് ഹെല്‍മുട്ട് ആവശ്യപ്പെട്ടതാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കലെത്തി തനിക്ക് ലഭിച്ച ഈ സ്വര്‍ണമെഡല്‍ സമര്‍പ്പിച്ചു പ്രാര്‍ഥിക്കണമെന്ന്. ഹെല്‍മുട്ടിന്റെ ആവശ്യപ്രകാരം ഫാ. ജേക്കബ് ഇതിനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.
ഇതിന്റെ ഭാഗമായി ഇന്നലെ ഹെല്‍മുട്ടും സുഹൃത്തുക്കളായ 10 പേരും കോട്ടയത്തെത്തി. തിങ്കളാഴ്ച സ്വര്‍ണമെഡലുമായി ഹെല്‍മുട്ട് ഭരണങ്ങാനത്തെത്തും. വര്‍ഷങ്ങള്‍ക്കുമുമ്പു കേരളത്തിലെത്തിയപ്പോഴും ഹെല്‍മുട്ട് ഭരണങ്ങാനം സന്ദര്‍ശിച്ചിരുന്നു. തനിക്കു ലഭിച്ച ഈ അനുഗ്രഹം ലോകം മുഴുവന്‍ അറിയിക്കുമെന്നും എല്ലാ വര്‍ഷവും ഭരണങ്ങാനത്തെത്തുമെന്നും മുടങ്ങാതെ സ്വിറ്റ്സര്‍ലന്‍ഡിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ സംബന്ധിക്കുമെന്നും ഹെല്‍മുട്ട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല