സ്വന്തം ലേഖകന്‍: അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ മെഡിക്കല്‍ ഡന്റല്‍ പ്രവേശന പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നതായി പരാതി. പരീക്ഷാ ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പരീക്ഷയെഴുതുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാനുള്ള സഹായം ലഭിച്ചുവെന്ന് 24 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു.
ആകെയുള്ള എഴുപത് സീറ്റില്‍ 35 പേര്‍ക്കും പ്രവേശനം ലഭിച്ചത് കോഴിക്കോട് സെന്ററില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ്.
2015 ഏപ്രില്‍ 26 ന് നടത്തിയ പരീക്ഷയിലാണ് കേരളത്തില്‍ നിന്നുള്ള 50 ശതമാനത്തിലധികം കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചത്. മെയ് 21 ന് വന്ന റിസല്‍ട്ട് പരിശോധിക്കുമ്പോള്‍ ഏറ്റവും മിടുക്കരായ കുട്ടികള്‍ കോഴിക്കോട് സെന്ററില്‍ പരീക്ഷയെഴുതിയവര്‍ മാത്രമാണ്.
ഇതോടെയാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന സംശയം ഉണ്ടാവുകയും വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കുകയും ചെയ്തത്. തുടര്‍ന്ന് 2015, 16 വര്‍ഷത്തെ പ്രവേശന പരീക്ഷാഫലം റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് 24 വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിക്കാരിലൊരാള്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൌലാന അബ്ദുള്‍ കലാം ആസാദിന്റെ കൊച്ചുമകള്‍ അദീപ അഹമ്മദാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 700 ല്‍ അധികം കുട്ടികള്‍ പരീക്ഷയെഴുതിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് പരീക്ഷയെഴുതിയ കുട്ടികള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പരീക്ഷയെഴുതാന്‍ എത്തിയത്.
എല്ലാ വര്‍ഷവും ഇത്തരത്തിലാണ് പരീക്ഷ നടക്കുന്നത്. വന്‍ റാക്കറ്റ് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ചതിക്കുന്ന നിലപാടാണ് കോപ്പിയടിക്കാന്‍ കൂട്ടുനില്‍ക്കുന്ന അധ്യാപകരും വിസിയും ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല