സ്വന്തം ലേഖകന്‍: കര്‍ശന നിബന്ധകളുമായി അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ ഇന്ന്. ശിരോ വസ്ത്രം ധരിക്കാനുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് പാലിക്കേണ്ട വസ്ത്രധാരണ രീതി സംബന്ധിച്ച് സി.ബി.എസ്.ഇ പുറത്തിറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
എന്നാലിത് ഗൗരവമായ വിഷയമല്ലെന്നും ഒരു ദിവസം ശിരോവസ്ത്രം ധരിക്കാതെ പോയത് കൊണ്ട് വിശ്വാസം ഇല്ലാതാകില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. കോപ്പിയടി വിവാദത്തെ തുടര്‍ന്നാണ് ഇന്ന് നടത്താനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രമോ മുഴു കൈ വസ്ത്രങ്ങളോ ധരിക്കരുത് എന്നുള്‍പ്പെടെയുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്.
ശിരോ വസ്ത്രവും മുഴുകൈയ്യന്‍ വസ്ത്രങ്ങളും ധരിക്കാന്‍ അനുവദിക്കാതിരിക്കുന്നത് സ്വാതന്ത്ര്യത്തിനു മേലുള്ള കടന്ന് കയറ്റമാണെന്നും അതിനാല്‍ സര്‍ക്കുലര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സ്റ്റുഡന്റ് ഇസ്ലാമിക് ഒര്‍ഗനൈസേഷന്‍ എസ്.ഐ.ഒ ആണ് ഹരജി നല്‍കിയിരുന്നത്. ശിരോവസ്ത്രം, സാധാരണ വസ്ത്രങ്ങള്‍, ഷൂസ് , ആഭരണങ്ങള്‍ എന്നിവ ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കുന്ന സി.ബി.എസ്.ഇ പരീക്ഷ സര്‍ക്കുലറില്‍ അര കൈ ഷര്‍ട്ട്, ടി ഷര്‍ട്ട്, കുര്‍ത്ത, സാധാരണ ചെരുപ്പ് എന്നിവ ധരിച്ച് പരീക്ഷക്കെത്തണമെന്നും വ്യക്തമാക്കിയിരുന്നു.
ഇതിന് പുറമെ വലിയ ബട്ടണുകളുള്ള വസ്ത്രങ്ങള്‍, ബെല്‍റ്റ്, തൊപ്പി,പേന, പെന്‍സില്‍, മൊബൈല്‍ ഫോണ്‍, വെള്ളക്കുപ്പി, മുടിപ്പിന്ന്, എന്നിവയും ഹാളില്‍ കയറ്റാന്‍ പാടില്ല. എന്നാല്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് ആരെയും തടഞ്ഞിട്ടില്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. അങ്ങനെ വരുന്നവര്‍ക്ക് പ്രത്യേക പരിശോധനയുണ്ടാകും. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ സമയത്തിനും അര മണിക്കൂര്‍ നേരത്തെ എത്തണമെന്നും സി.ബി.എസ്.ഇ നിര്‍ദേശിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല