1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2024

സ്വന്തം ലേഖകൻ: പുതിയ കുടിയേറ്റ നിയമങ്ങള്‍ ബ്രിട്ടനിലെ ആരോഗ്യ മേഖലയെ വലയ്ക്കുന്നു. ബ്രിട്ടനിലേക്കുള്ള കെയറര്‍ വീസ അപേക്ഷകളില്‍ വന്‍ കുറവ് വരുന്നത് ആരോഗ്യ മേഖലയ്ക്ക് ബാധ്യതയാവുകയാണ്. ഇതിനെ സാധൂകരിക്കുന്ന പുതിയ കണക്കുകള്‍ പുറത്തു വന്നു. ഇക്കഴിഞ്ഞ ഏപ്രിലിനും ആഗസ്റ്റിനും ഇടയിലായി ബ്രിട്ടനിലെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസയ്ക്കായി ലഭിച്ചത് വെറും 13,100 അപേക്ഷകള്‍ മാത്രമാണ് എന്ന് ഹോം ഓഫീസിന്റെ ഔദ്യോഗിക കണക്ക് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അപേക്ഷിച്ചത് 75,900 പേരായിരുന്നു എന്നും ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ ക്ഷാമം മൂലം ക്ലേശമനുഭവിക്കുകയും, വിദേശ തൊഴിലാളികള്‍ അധികമായി ആശ്രയിക്കുകയും ചെയ്യുന്ന എന്‍ എച്ച് എസ്സ് ഉള്‍പ്പടെയുള്ള ബ്രിട്ടീഷ് ആരോഗ്യ മേഖലയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തും.

ഈ വര്‍ഷം ഏപ്രിലില്‍, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസയ്ക്കായി ലഭിച്ചത് 2,300 അപേക്ഷകളായിരുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലഭിച്ചത് 18,300 അപേക്ഷകളും. വീസ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാവുകയും, ആശ്രിതരെ കൊണ്ടു വരുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമൊക്കെയാണ് ഈ രംഗത്തെ പ്രൊഫഷണലുകള്‍ ബ്രിട്ടനെ ഒഴിവാക്കാന്‍ കാരണം.

അതേസമയം, സ്‌കില്‍ഡ് വര്‍ക്കേഴ്സ് വീസയ്ക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 33,700 അപേക്ഷകളാണ് സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്കായി ലഭിച്ചത്. 2023 ല്‍ ഇതേ കാലയളവില്‍ ലഭിച്ചതിനേക്കാള്‍ 12 ശതമാനം കൂടുതലാണിത്. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനായി കഴിഞ്ഞ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ആയിരുന്നു കെയര്‍ വര്‍ക്കേഴ്സ് വീസയ്ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ ആശ്രിതരെ കൊണ്ടു വരുന്നത് വിലക്കിക്കൊണ്ടുള്ള പുതിയ നിയമം ഇറങ്ങിയത്. ഏപ്രിലില്‍, യു കെയിലേക്കുള്ള സ്‌കില്‍ഡ് വീസ ലഭിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി 26,200 ല്‍ നിന്നും 38,700 ആക്കി ഉയര്‍ത്തുകയും ചെയ്തു. അതോടൊപ്പം, വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍, കെയര്‍ സ്ഥാപനങ്ങള്‍ കെയര്‍ ക്വാളിറ്റി കമ്മീഷനില്‍ റെജിസ്റ്റര്‍ ചെയ്യണം എന്നതും നിര്‍ബന്ധമാക്കി. അതുകൊണ്ടും തീര്‍ന്നില്ല സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍. കുടുംബത്തെ കൂടെ കൊണ്ടു വരണമെങ്കിലുള്ള ചുരുങ്ങിയ ശമ്പള പരിധി 18,600 പൗണ്ടില്‍ നിന്നും 29,000 പൗണ്ടാക്കി ഉയര്‍ത്തുകയും ചെയ്തു.

ലേബര്‍ സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പുനപരിശോധിക്കാന്‍ ഒരുങ്ങുകയാണ്. സുപ്രധാന മേഖലകളിലെ വേതന പരിധികളും ജീവനക്കാരുടേ ക്ഷാമവുമെല്ലാം പഠിച്ച് സ്‌കില്‍ഡ് വര്‍ക്കര്‍ വീസ ചട്ടങ്ങളിലെ പുതിയ നിയന്ത്രണം നടപ്പാക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കാന്‍ ഹെല്‍ത്ത് സെക്രട്ടറി യുവെറ്റ് കൂപ്പര്‍ മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുന:പരിശോധന ഒന്‍പത് ആഴ്കള്‍ കൊണ്ട് പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്.

യുകെയിലെ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജോലി ഭാരത്തിനൊത്ത് വരുമാനമില്ലാതെ പലരും ബുദ്ധിമുട്ടുകയാണ്. ഭക്ഷണത്തിനും അവശ്യ സൗകര്യങ്ങള്‍ക്കുമായുള്ള പണം കണ്ടെത്താന്‍ തന്നെ പലരും ബുദ്ധിമുട്ടുകയാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പത്തില്‍ ഒരാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് സര്‍വ്വേയില്‍ കണ്ടെത്തി.

പലര്‍ക്കും വേതനം കൃത്യമല്ല. എന്‍എച്ച്എസിനെ ഒരു പരിധിവരെ സഹായിക്കുന്ന മേഖലയാണ് കെയര്‍ മേഖല. എന്നാല്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ കെയറര്‍മാരെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതോടെ തങ്ങള്‍ക്ക് അനുകൂല നിലപാടുണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ നിരാശയിലാണ്. പരിചരിക്കുക എന്നത് വളരെ അര്‍പ്പണ ബോധത്തോടെ ചെയ്യുന്ന പലരും പക്ഷെ സമ്മര്‍ദ്ദത്താല്‍ ജോലി വിടേണ്ട അവസ്ഥയാണ്. ഒരു ദിവസം 600 പേരെങ്കിലും ജോലി വിടുന്നതായിട്ടാണ് കണ്ടെത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.