1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2024

സ്വന്തം ലേഖകൻ: ഹൈദരാബാദില്‍ വെള്ളിയാഴ്ച ഉച്ച മുതല്‍ തുടങ്ങിയ അതിനാടകീയമായ രംഗങ്ങള്‍ക്ക് ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് താത്ക്കാലിക തിരശ്ശീല വീണിരിക്കുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത തെലുങ്ക് നടന്‍ അല്ലു അര്‍ജുന് ജയിലില്‍ കഴിയേണ്ടി വന്നത് ഒരു രാത്രി.

പുഷ്പ-2 സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസിലാണ് അല്ലുവിനെ ഹൈദരാബാദ് സ്‌പെഷ്യല്‍ ടാസ്‌ക് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ ചെയ്ത് ഉത്തരവിട്ടു. എന്നാല്‍ അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലുവിനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി താരത്തിന് നാലാഴ്ചത്തെ ജാമ്യം അനുവദിച്ചു.

ചഞ്ചല്‍ഗുഡ ജയില്‍ സൂപ്രണ്ടിന് രാത്രി 11 മണിയോടെയാണ് ജാമ്യ ഉത്തരവ് ലഭിച്ചത്. എന്നാല്‍ തടവുപുള്ളികളെ രാത്രി വൈകി മോചിപ്പിക്കാന്‍ ജയില്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കിയതോടെ അല്ലുവിന് ഒരു രാത്രി ജയിലിനുള്ളില്‍ കഴിച്ചു കൂട്ടേണ്ടി വന്നു. ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് മുമ്പ് താരം ജയില്‍മോചിതനായി.

നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്‌സിന്റെ ഓഫീസില്‍ ആദ്യം എത്തിയ അല്ലു അവിടെ നിന്ന് വീട്ടിലേക്ക്. ഏറെ വൈകാരികമായ രംഗങ്ങളാണ് വീടിന് മുന്നിലുണ്ടായത്. ഭാര്യ സ്‌നേഹ റെഡ്ഡി കണ്ണീരോടെ താരത്തെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. അരികിലേക്ക് ഓടിയെത്തിയ മക്കളെ അല്ലു വാരിയെടുത്തു. ഇതെല്ലാം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു.

ഇതിന് പിന്നാലെ ഈ അറസ്റ്റിന്റെ യാഥാര്‍ഥ്യവും നാടകീയതയും ആളുകള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. അല്ലു രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പദ്ധതിയിടുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് ഈ അറസ്റ്റ് നാടകമെന്നും ചിലര്‍ വാദിച്ചു. പുഷ്പ-2വിന്റെ ഡല്‍ഹിയിലെ വിജയാഘോഷത്തിനിടെ അല്ലു നടത്തിയ പ്രസംഗവും രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും ഈ വാദത്തെ ന്യായീകരിക്കാനായി ചിലര്‍ കൂട്ടുപിടിച്ചു.

ഇത് പുതിയ ഇന്ത്യയാണെന്നും ഇത് നിലച്ചുപോവുകയോ ആര്‍ക്കും മുമ്പില്‍ തല കുനിക്കുകയോ ഇല്ലെന്നായിരുന്നു അല്ലുവിന്റെ പ്രസംഗത്തിലെ വാചകങ്ങള്‍. ”സംഖ്യകള്‍ താത്ക്കാലികമാണ്. സ്‌നേഹമാണ് ഹൃദയത്തിലെന്നും നിലനില്‍ക്കുക. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഇപ്പോള്‍ ഞാന്‍ ഇവിടെ നില്‍ക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. പക്ഷേ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഈ റെക്കോഡ് തകരും.

അത് തെലുങ്കോ തമിഴോ ഹിന്ദിയോ ഏത് ഭാഷയെന്നത് പ്രശ്‌നമല്ല. അതാണ് വളര്‍ച്ചയുടെ അടയാളം. ഇന്ത്യ മുന്നേറുകയാണ് എന്നാല്‍ അതിനര്‍ഥം. എത്രയും പെട്ടെന്ന് ഈ റെക്കോഡ് തകരട്ടെ. ഭാവിയില്‍ ലോകത്തെ നയിക്കുക ഇന്ത്യയാണെന്ന് ഇന്ത്യക്കാരനെന്ന നിലയില്‍ രാജ്യ തലസ്ഥാനത്ത് നിന്ന് പറയുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.’- ഇതായിരുന്നു അല്ലു ഡല്‍ഹിയില്‍ പ്രസംഗിച്ചത്. എന്നാല്‍ അല്ലു അര്‍ജുന്റെ ടീം ഈ റിപ്പോര്‍ട്ടുകളെല്ലാം തള്ളി രംഗത്തെത്തിയിരുന്നു.

ഇതിനൊപ്പം കൊനിഡേല കുടുംബവും അല്ലു കുടുംബവും തമ്മിലുള്ള അസ്വാസര്യങ്ങളും ഈ അറസ്റ്റിലേക്ക് നയിച്ചതായും വിലയിരുത്തലുകളുണ്ട്. ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ളവരാണ് എഴുത്തുകാരനും നടനുമായ അല്ലു രാമലിംഗയ്യയും എഴുത്തുകാരനായ കൊനിഡേല വെങ്കട് റാവുവും.

അല്ലു രാമലിംഗയ്യയുടെ മക്കളാണ് സുരേഖയും അല്ലു അരവിന്ദും. കൊനിഡേല വെങ്കട് റാവുവിന്റെ മക്കളാണ് നടന്‍മാരായ ചിരഞ്ജീവിയും നാഗേന്ദ്ര ബാബുവും പവന്‍ കല്ല്യാണും. ഈ രണ്ട് കുടുംബങ്ങളേയും ബന്ധിപ്പിക്കുന്ന കണ്ണി സുരേഖയാണ്. സുരേഖയെ വിവാഹം ചെയ്തത് ചിരഞ്ജീവിയാണ്.

അല്ലു കുടുംബവും കൊനിഡേല കുടുംബവുമാണ് തെലുങ്ക് സിനിമയുടെ നട്ടെല്ല്. അല്ലു അരവിന്ദിന്റെ മക്കളായ അല്ലു അര്‍ജുനും അല്ലു സിരീഷും നടന്‍മാരാണ്. അല്ലു വെങ്കടേഷ് മാത്രമാണ് ബിസിനസിലേക്ക് വഴിമാറിയത്. അതുപോലെ ചിരഞ്ജീവിയും സഹോദരങ്ങളായ നാഗേന്ദ്ര ബാബുവും പവന്‍ കല്ല്യാണുമാണ് തെലുങ്ക് സിനിമയെ ഭരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.