അറബ് വസന്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ജനാധിപത്യപ്രക്ഷോഭങ്ങളിലൂടെ സ്വേച്ഛാധിപതികളെ പുറംതള്ളിയ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങള്‍ അല്‍ഖ്വെയ്ദയെപ്പോലുള്ള ഭീകര സംഘടനകളുടെ പുതിയ താവളമായി മാറുന്നു. ജനാധിപത്യം അന്യമായിരുന്നെങ്കിലും ഉത്തരാഫ്രിക്കയിലെ മിക്ക അറബ് രാജ്യങ്ങളുടെയും ഭരണകൂടങ്ങള്‍ മതനിരപേക്ഷതയില്‍ ഊന്നിയ നയപരിപാടികളാണ് ആവിഷ്‌കരിച്ചിരുന്നത്. ഇസ്‌ലാമികസംഘടനകളുടെ പ്രവര്‍ത്തനം അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല.
എന്നാല്‍ ജനാധിപത്യ പ്രക്ഷോഭത്തിനുശേഷം ഈ രാജ്യങ്ങളില്‍ ഇസ്‌ലാമിക സംഘടനകള്‍ക്ക് ശക്തമായ സ്വാധീനം ലഭിച്ചിരിക്കുകയാണ്. പലയിടത്തും അരാജകത്വം നടമാടുകയുമാണ്. ഈ അവസരം മുതലാക്കിയാണ് തീവ്രവാദസംഘടനകള്‍ ലിബിയയെപ്പോലുള്ള ഉത്തരാഫ്രിക്കന്‍രാജ്യങ്ങളിലേക്ക് താവളം മാറ്റുന്നത്. പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും സൈനിക നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍കൂടി വേണ്ടിയാണ് ഈ കളംമാറ്റം.
അല്‍ഖ്വെയ്ദയുടെ രണ്ട് ഉന്നതനേതാക്കള്‍ ഇതിനിടെ ലിബിയയില്‍ എത്തിക്കഴിഞ്ഞെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏതാനും പേര്‍ അങ്ങോട്ടുള്ള യാത്രയിലാണെന്ന് വിവരം കിട്ടിയിട്ടുണ്ട്. ചിലരെ വഴിയില്‍വെച്ച് പിടികൂടുകയുംചെയ്തു. അഫ്ഗാനിസ്താനിലെ കുനാര്‍ പ്രവിശ്യയില്‍ തമ്പടിച്ചിരുന്നവരാണ് ഈ നേതാക്കളെല്ലാം.
ഉസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതോടെ പാകിസ്താനി ലെയും അഫ്ഗാനിസ്താനിലെയും അല്‍ഖ്വെയ്ദയുടെ പ്രവര്‍ത്തനം ദുര്‍ബലമായിക്കഴിഞ്ഞെന്നാണ് രഹസ്യാന്വേഷണവൃത്തങ്ങള്‍ വിലയിരുത്തുന്നത്. അഫ്ഗാനിസ്താനില്‍ അവശേഷിക്കുന്ന അല്‍ഖ്വെയ്ദ പ്രവര്‍ത്തകരുടെ എണ്ണം നൂറില്‍ത്താഴെ മാത്രമാണെന്നാണ് കരുതുന്നത്. ഇവരില്‍ നിന്നുള്ള ഭീഷണി അത്ര കടുത്തതല്ല. ഹഖാനി ശൃംഖലയിലേയുംമറ്റും ഭീകരരാണ് കുറേക്കൂടി ഭീഷണിയുയര്‍ത്തുന്നത്. അഫ്ഗാനിസ്താനില്‍ ഇനി ഏറെക്കാലം കഴിയാനാവില്ലെന്ന തിരിച്ചറിവില്‍നിന്നാണ് അല്‍ഖ്വെയ്ദ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് താവളം മാറ്റുന്നതെന്ന് രഹസ്യാന്വേഷണവൃത്തങ്ങള്‍ കണക്കുകൂട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല