സ്വന്തം ലേഖകൻ: ആലുവയിൽ നിന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്ത് നിന്നാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്‌നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്.
അസം സ്വദേശിയായ പ്രതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ അസം സ്വദേശിയായ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു.
പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അഫ്സാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുപ്പിനായി പ്രതിയായ അസ്ഫാക്കിനെ പൊലീസ് എത്തിച്ചു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പ്രതിയുമായി തിരികെ പോയി.
‘‘അവനെ വിട്ടുകൊടുക്കരുത് അവന്റെ കയ്യും കാലും തല്ലിയൊടിക്കണം’’ ‘അവനെ ഇറക്കിയാൽ ഞങ്ങൾ ഈ പെരിയാറിൽ മുക്കി കൊല്ലും എന്നിങ്ങനെ അസ്ഫാക്കിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാർ പറഞ്ഞു.
ഫൊറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കുട്ടിയുമായി മാർക്കറ്റിന്റെ പരിസരത്തേക്ക് പോകുന്ന പ്രതിയെ കണ്ടതായി താജുദ്ദീൻ എന്ന തൊഴിലാളി രാവിലെ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല