സ്വന്തം ലേഖകൻ: അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക്ക് ആലത്തിനെ കൃത്യം നടന്ന സ്ഥലത്തുള്‍പ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഏഴിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെക്കൊണ്ട് സംഭവം പുനരാവിഷ്‌കരിപ്പിച്ചു. ആലുവ മാര്‍ക്കറ്റിന് പിന്നിലെ കുറ്റിക്കാട്ടിലെ മണല്‍ തിട്ടയിൽ പ്രതിയെ എത്തിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ്. സ്ഥലത്ത് ചെറിയ രീതിയിൽ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.
പ്രതി താമസിച്ച വീട്ടിൽ തെളിവെടുപ്പ് നടത്തി. വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ കുട്ടിയുടെ അമ്മയും അച്ഛനും പ്രതിക്കുനേരെ രോഷപ്രകടനം നടത്തി. അമ്മ പൊട്ടിക്കരഞ്ഞു. പ്രതിയെ കണ്ടതോടെ അച്ഛൻ പാഞ്ഞടുത്തെങ്കിലും പൊലീസ് തടഞ്ഞു. വൈകാരിക നിമിഷങ്ങളാണ് പ്രദേശത്ത് അരങ്ങേറിയത്. കുട്ടിയുമായി ബസില്‍ കയറിയ ഗ്യാരേജ് ബസ് സ്റ്റോപ്പിലും തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ് ആലുവയില്‍ നടന്നതെന്നും പിഞ്ചുകുട്ടിക്കെതിരെ നടന്ന കൊലപാതകം അങ്ങേയറ്റം അപലപനീയമാണെന്നും പെൺകുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം സ്പീക്കര്‍ പ്രതികരിച്ചു. ‘സാക്ഷര കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല ആലുവയിലെ സംഭവം. കുട്ടിയുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് തന്നെയാണ് കുട്ടിയുടെ രക്ഷിതാക്കളും ആഗ്രഹിക്കുന്നത് എന്നും ഷംസീര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല