1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2023

സ്വന്തം ലേഖകൻ: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റക്കാരൻ. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമൻ വ്യക്തമാക്കി. ശിക്ഷ ഒൻപതിന് പ്രഖ്യാപിക്കും.

വധശിക്ഷ വരെ കിട്ടാവുന്ന പോക്സോ നിയമത്തിലെ നാല് വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, തട്ടികൊണ്ടുപോകൽ , ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ തെളിഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഇന്ന് രാവിലെ ഒൻപതോടെയാ് ആലുവ സബ് ജയിലില്‍ നിന്ന് അസ്ഫാഖ് ആലമിനെ എറണാകുളം പോക്‌സോ കോടതിയിലേക്ക് കൊണ്ടുപോയത്. കുറ്റപത്രം സമര്‍പ്പിച്ച് 26 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്. അസ്ഫാക് ആലമിനെതിരെയുള്ള അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും പോലീസ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.

ജൂലൈ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ താമസമാക്കിയ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകളെ ജ്യൂസ് വാങ്ങിക്കൊടുത്ത് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി, ആലുവ മാര്‍ക്കറ്റിന്റെ പിന്നിലായുള്ള ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ആലുവ ചൂര്‍ണിക്കരയിലെ വീട്ടില് നിന്നാണ് അഞ്ചുവയസുകാരിയെ പ്രതി കൂട്ടികൊണ്ടുപോയത്. മൃതദേഹം കല്ല് കൊണ്ട് ഇടിച്ച് മുഖം ചെളിയിലേക്ക് അമര്‍ത്തിയിരുന്നു. കുട്ടിയെ കാണാതായ അന്ന് രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.

അടുത്ത ദിവസം രാവിലെ കുട്ടിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, ഇരുവരെയും ആലുവ മാര്‍ക്കറ്റില്‍ വച്ച് കണ്ട ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി പോലീസിനെ വിവരമറിയിച്ചതാണ് വഴിത്തിരിവായത്. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ അസ്ഫാക്ക് കുറ്റം സമ്മതിക്കുകയായിരുന്നു. പലതവണ തെറ്റായ മൊഴിനല്‍കി പോലീസിനെ വഴിതെറ്റിക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും വിദഗ്ധമായ ചോദ്യംചെയ്യലിലൂടെ പോലീസ് കേസ് തെളിയിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാനായിരുന്നു കൊലപാതകം നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്‍.

പിന്നീട് അതിവേഗം തെളിവുകളും സമാഹരിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. സംഭവം നടന്ന് 35-ാം ദിവസമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 99 സാക്ഷി മൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 62 തൊണ്ടി സാധനങ്ങളും സമര്‍പ്പിച്ചിരുന്നു. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ അടക്കം 15 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കുട്ടിയുടെ വസ്ത്രങ്ങള്‍, ചെരുപ്പ്, ഡി എന്‍ എ സാമ്പിളുകള്‍, സി സി ടി വി ദൃശ്യങ്ങള്‍ എന്നിങ്ങനെ പത്തു തൊണ്ടി മുതലുകളും 95 രേഖകളും വിചാരണ വേളയില് ഹാജരാക്കിയിരുന്നു. സാധാരണ പോക്‌സോ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം വരെ സമയമുണ്ടെങ്കിലും പോലീസ് വേഗത്തില്‍ കുറ്റപത്രം തയ്യാറാക്കുകയായിരുന്നു.

ആലുവ റൂറല്‍ എസ് പി മുന്‍കൈയെടുത്ത് ഓഫീസിന് മുന്നില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ബോര്‍ഡില്‍ 99 എന്ന അക്കം തെളിയുന്ന അന്നാണ് കേസിലെ വിധി എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്‍ പ്രസ്താവിച്ചത്. ജി മോഹന്രാജാണ് സ്‌പെഷ്യല് പബ്ലിക്ക് പ്രോസിക്യൂട്ടര്‍. 16 അംഗ സംഘമാണ് വേഗത്തില് കേസ് അന്വേഷിച്ചത്.

അതേസമയം അസ്ഫാഖ് ആലത്തിന് വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ അമ്മ വിധി പ്രസ്താവിക്കുന്നതിന് മുമ്പേ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പുറത്തിറങ്ങിയാല്‍ പ്രതി ഇനിയും കുട്ടികളെ ഉപദ്രവിക്കുമെന്നുമായിരുന്നു അമ്മയുടെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.