സ്വന്തം ലേഖകന്‍
കൊച്ചി:അരി ആന്ധ്രയും ബംഗാളും തരും. പച്ചക്കറി തമിഴ്നാട്ടില്‍ നിന്ന്… ഇന്ധനം ഗള്‍ഫില്‍ നിന്ന്. ഇതെല്ലാം വാങ്ങാനുള്ള കാശ് പ്രവാസികളും…. മലയാളിയുടെ മാറിയ ജീവിതരീതിയുടെ അടിസ്ഥാനത്തില്‍ ആസൂത്രണ കമ്മിഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ ഒരു കാര്യം തുറന്നുപറഞ്ഞു. കേരളം ഭക്ഷ്യസുരക്ഷയില്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന്. കേരളം രൂപീകരിച്ച സമയംമുതല്‍ ആസൂത്രണകമീഷന്‍ കൃഷിയുടെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിന്റെ തുടര്‍ച്ചയാണ് അലുവാലിയയുടെ വെളിപാടും.
കേരളം ഭക്ഷ്യവിളകളില്‍ ശ്രദ്ധിക്കേണ്ട, നാണ്യവിളകളുടെ ഉല്‍പ്പാദനം കൂട്ടാന്‍ ശ്രദ്ധിച്ചാല്‍ മതിയെന്നായിരുന്നു ആസൂത്രണകമീഷന്‍ വര്‍ഷങ്ങളായി തുടരുന്ന നയം. കേരളത്തിലെ വിശാലമായ നെല്‍വയലുകളുടെ നടത്തിപ്പ് അല്പമൊന്നു ശ്രദ്ധിച്ചാല്‍ അലുവാലിയ പറയുന്നതിലെ സത്യം മനസിലാകും. വിള ഇറക്കേണ്ട സമയത്ത് പണിക്കാരെത്തേടി ചെറുകിട കര്‍ഷകര്‍ ഓടിനടക്കുകയാണ്. ബംഗാളില്‍ നിന്നും ആസാമിയില്‍ നിന്നുമുള്ള ഭായിമാര്‍ കൃഷിഭൂമിയില്‍ പണിയാന്‍ സന്നദ്ധമാണെങ്കിലും നമ്മുടെ നാട്ടിലെ വിളയുടെ പരിചരണം ഇവരുടെ അറിവില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ്. ലക്ഷക്കണക്കിനു വരുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ സേവനം നമ്മുടെ കൃഷിമേഖലയില്‍ ഒരു തരത്തിലും പ്രയോജനപ്പെടുന്നില്ലെന്ന് ചുരുക്കം.
വിദഗ്ധനായ കര്‍ഷക തൊഴിലാളിയുടെ അഭാവമാണ് കേരളത്തിന്റെ നിലവിലുള്ള ഏറ്റവുംവലിയ ശാപം. ഇത്രയും ത്യാഗം സഹിച്ച് കൃഷി ചെയ്താലും വലിയ പ്രയോജനമില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഉത്പന്നത്തിനു വില ലഭിക്കാനില്ലാത്ത കാലം. അലുവാലിയയുടെ ഉപദേശം കേട്ട് സബ്സിഡി ഉള്‍പ്പെടെ പിന്‍വലിച്ചാല്‍ കര്‍ഷകര്‍ കൂട്ടത്തോടെ കൃഷി ഉപേക്ഷിച്ചുപോവുന്ന അവസ്ഥയുണ്ടാകുമെന്നതാണ് ഇതിലെ മറ്റൊരു വൈരുദ്ധ്യം. കേരളത്തില്‍ കൂലി കൂടുതലാണെന്നും അതിനാല്‍ ഭക്ഷ്യസാധനങ്ങള്‍ പുറത്തുനിന്ന് വാങ്ങാനാവുമെന്ന വാദവും അംഗീകരിക്കാനാവില്ല. കേരളത്തിലുള്ളവര്‍ അവരുടെ പണം ഉപയോഗിച്ച് ഇവിടെയുള്ള കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ തദ്ദേശീയസമ്പദ്ഘടനയെയാണ് ശക്തിപ്പെടുത്തുന്നത്-അതാണ് അലുവാലിയ മനസിലാക്കാത്തതും.
കൊച്ചിയില്‍ നടക്കുന്ന എമര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തിലെ പ്ളീനറി സെഷനിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു കൃഷിയെ തള്ളിപ്പറഞ്ഞ വിവാദപ്രസ്താവന അലുവാലിയ നടത്തിയത്. ടൂറിസം, ഐ ടി, ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് എന്നീ മേഖലകളില്‍ അതി വിപുലമായ വളര്‍ച്ചാ സാധ്യതകള്‍ കേരളത്തിനുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത മൂലം ഇതു മുതലെടുക്കാനാകുന്നില്ല. മാനവ വിഭവ ശേഷിയിലും മറ്റു സ്ഥലങ്ങളേക്കാള്‍ കേരളം ഏറെ മുന്നിലാണ്.വന്‍കിടപദ്ധതികള്‍ക്കായി വലിയ ആശയങ്ങള്‍ പലതും സംസ്ഥാനം മുന്നോട്ടു വയ്ക്കാറുണ്ടെങ്കിലും അവയില്‍ വേണ്ടത്ര തുടര്‍ച്ചാ നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രധാന പ്രശ്നം. ആഭ്യന്തര മൊത്തം ഉത്പാദനത്തില്‍ ദേശീയ ശരാശരിയിലും ഉയര്‍ന്ന വളര്‍ച്ച നേടാന്‍ കേരളത്തിനു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക രംഗത്തും കയര്‍, ഭക്ഷ്യ സംസ്ക്കരണം, റബര്‍ തുടങ്ങിയ വ്യവസായ മേഖലകളിലും ആധുനികവല്‍ക്കരണം കൊണ്ടുവരാന്‍ കേരളം ശ്രമിക്കണമെന്നും മൊണ്ടേക് സിംഗ് അലുവാലിയ നിര്‍ദേശിച്ചു.
ഏതായാലും കൃഷി ലാഭകരമാക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഇവിടെ സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ടത്. കൂടുതല്‍ ആളുകള്‍ കൃഷിയിലേക്ക് ഇറങ്ങുന്ന അവസ്ഥയും ഉണ്ടാകാണം. അല്ലാതെ അലുവാലിയ പറയുംപോലെ എല്ലാം ഉപേക്ഷിക്കുകയല്ല. വിമര്‍ശകരെപ്പോലെ അലുവായ്ക്കെതിരേ ചന്ദ്രഹാസം ഇളക്കുകയുമല്ല വേണ്ടത്. മറിച്ച് പാടത്ത് ഇറങ്ങി പണിയെടുക്കാനുള്ള മനസ് മലയാളി ഉണ്ടാക്കുകയാണ് വേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല