1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2023

സ്വന്തം ലേഖകൻ: അമേരിക്കയിലെ ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കാറിനുള്ളില്‍വെച്ചാണ് മീര ഏബ്രഹാമിനെ ഭര്‍ത്താവ് അമല്‍റെജി വെടിവെച്ചതെന്നും നിരവധിതവണ യുവതിക്ക് വെടിയേറ്റതായും യുഎസിലെ ദെസ് പ്ലെയിന്‍സ് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മീര ഏബ്രഹാം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും സംഭവത്തില്‍ 14 ആഴ്ച പ്രായമെത്തിയ ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ടതായും പോലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം ഉഴവൂര്‍ സ്വദേശിനിയായ മീര(30)യെ ഭര്‍ത്താവ് അമല്‍ റെജി ഷിക്കാഗോയിലെ ദെസ് പ്ലെയിന്‍സില്‍വെച്ച് വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചത്. കേസില്‍ ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി അമല്‍ റെജിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തിയതിന് മനഃപൂര്‍വമായ നരഹത്യ, ഭാര്യയെ കൊല്ലാന്‍ശ്രമിച്ചതിന് വധശ്രമം അടക്കമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരേ ചുമത്തി.

പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 7.30-ഓടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് ദെസ് പ്ലെയിന്‍സ് പോലീസ് പറയുന്നത്. സെയിന്റ് സാഖറി ചര്‍ച്ചിലെ പാര്‍ക്കിങ് സ്ഥലത്താണ് കാറിനുള്ളില്‍ മീരയെ വെടിയേറ്റനിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തിയപ്പോള്‍ ഭര്‍ത്താവ് അമല്‍ റെജിയും സ്ഥലത്തുണ്ടായിരുന്നു. ഭാര്യയുമായി സാമ്പത്തികകാര്യങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടായെന്നും ഇതിനുപിന്നാലെയാണ് വെടിയുതിര്‍ത്തെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിറകുവശത്തെ ചില്ല് തകര്‍ന്നനിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ പിന്നിലായി മീരയെ വെടിയേറ്റനിലയില്‍ കണ്ടത്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും കാറില്‍നിന്ന് കണ്ടെടുത്തു. നിരവധിതവണ വെടിയേറ്റ മീരയെ ഉടന്‍തന്നെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ അമല്‍റെജിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ലെസ്ലിലൈനിലെ വീട്ടില്‍വെച്ച് തന്നേ ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. വീട്ടില്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വഴക്കുണ്ടാക്കേണ്ടെന്ന് കരുതിയാണ് രണ്ടുപേരും ഇവരുടെ കാറില്‍ പുറത്തേക്ക് പോയത്. അമല്‍ റെജിയാണ് വാഹനമോടിച്ചിരുന്നത്. മീര പിന്‍സീറ്റിലും. യാത്രയ്ക്കിടെ കാറില്‍വെച്ചും ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം തുടര്‍ന്നു.

ഇതിനുപിന്നാലെയാണ് തന്റെ കൈയിലുണ്ടായിരുന്ന കൈത്തോക്ക് ഉപയോഗിച്ച് പ്രതി ഭാര്യയ്ക്ക് നേരേ വെടിയുതിര്‍ത്തത്. പലതവണ ഇയാള്‍ ഭാര്യയ്ക്ക് നേരേ വെടിയുതിര്‍ത്തതായാണ് പോലീസ് റിപ്പോര്‍ട്ട്. പിന്നാലെ വാഹനവുമായി സെയിന്റ് സാഖറി ചര്‍ച്ചിന്റെ പാര്‍ക്കിങ് ഏരിയയിലെത്തി. ഇവിടെനിന്നാണ് പ്രതി 911-ല്‍ വിളിച്ച് വിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.