സ്വന്തം ലേഖകന്‍: മോദിയുടെ നോട്ട് നിരോധനം ലക്ഷ്യമില്ലാതെ വിക്ഷേപിച്ച ഒരു മിസൈല്‍, രൂക്ഷ വിമര്‍ശനവുമായി നോബേല്‍ ജേതാവ് അമര്‍ത്യ സെന്‍. പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം ദിശാബോധമില്ലാത്ത മിസൈല്‍ വിക്ഷേപണം പോലെ ജനാധിപത്യവിരുദ്ധ നടപടിയെന്ന് വിശേഷിപ്പിച്ച അമര്‍ത്യ സെന്‍ തങ്ങള്‍ക്കിടയിലേക്ക് മിസൈല്‍ തൊടുത്തു വിട്ടത് പോലെയാണ് നോട്ട് നിരോധനത്തിന് ശേഷമുള്ള ദിനങ്ങള്‍ സാധാരണക്കാര്‍ക്ക് അനുഭവപ്പെട്ടതെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ചൈനയും ആരോഗ്യ സംരക്ഷണം എങ്ങനെ നടപ്പാക്കുന്നുവെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനം കൈക്കൊണ്ടപ്പോള്‍ അത് കൃത്യമായ ദിശ നിര്‍ണയിക്കാത്ത മിസൈല്‍ വിക്ഷേപണം പോലെ ജനങ്ങള്‍ക്കുമേല്‍ വന്നുപതിച്ചു. രാഷ്ട്രീയപരമായ തീരുമാനമാണെങ്കിലും അതില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തണം. ആരോഗ്യരംഗത്ത് ഗുരുതര വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്.
എന്നാല്‍, ഇന്ത്യയെപ്പോലെ തന്നെ ഒരു ജനാധിപത്യ രാജ്യമായ ചൈന ജനക്ഷേമം പരിഗണിച്ച് ആരോഗ്യസുരക്ഷാരംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞതായും ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയിലെ പ്രഫസര്‍ കൂടിയായ അമര്‍ത്യ സെന്‍ പറഞ്ഞു. 25 വര്‍ഷത്തിനിടെ രാജ്യം സാമ്പത്തികമായി വലിയ പുരോഗതി നേടിയെങ്കിലും ആരോഗ്യസുരക്ഷാ രംഗത്ത് ഏറെ പിന്നിലാണ്.
വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാമ്പും കോണിയും കളിക്കുകയാണ്. പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്ന ഡോക്ടര്‍മാരുടെ നടപടി അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയേയും ചൈനയേയും താരതമ്യം ചെയ്യുമ്പോള്‍ ചൈനീസ് ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ സാധാരണക്കാരായ ചെറു ഗ്രൂപ്പുകളെ പരിഗണിച്ചാണ് എടുക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ജനങ്ങള്‍ സമരം ചെയ്താണ് പല തീരുമാനങ്ങളും തിരിത്തിക്കുന്നതെന്നും സെന്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല