![](https://www.nrimalayalee.com/wp-content/uploads/2021/09/Amazon-Chinese-Brands-Fake-Products.jpg)
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ ഇ–കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ചൈനയിൽ നിന്നുള്ള 600 ബ്രാൻഡുകളെ എന്നേക്കുമായി പുറത്താക്കി. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ എല്ലാ വെബ്‌സൈറ്റുകളില്‍ നിന്നും ചൈനീസ് ബ്രാൻഡുകളെ നിരോധിച്ചെന്നാണ് ദി വേര്‍ജ് റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 3000 ലേറെ അക്കൗണ്ടുകള്‍ വഴിയാണ് ഈ ബ്രാൻഡുകൾ വില്‍പന നടത്തിയിരുന്നത്.
കംപ്യൂട്ടര്‍ ആക്‌സസറികള്‍ അടക്കം പല ഉപകരണങ്ങളും ‘വിജയകരമായി’ വിറ്റുവന്ന ബ്രാന്‍ഡുകളെയാണ് ആമസോണ്‍ പുറത്താക്കിയത്. കമ്പനി അഞ്ചു മാസം കൊണ്ടാണ് ശുദ്ധികലശം പൂര്‍ത്തിയാക്കിയത്. ബോധപൂര്‍വ്വവും ആവര്‍ത്തിച്ചും ആമസോണിന്റെ നയങ്ങളെ ലംഘിച്ചതോടെയാണ് ബ്രാന്‍ഡുകളെ പുറത്താക്കിയത്. ആവര്‍ത്തിച്ചു ലംഘിച്ചുവന്ന നയങ്ങളില്‍ പ്രധാനം വ്യാജ റിവ്യൂകളാണ്.
ആമസോണ്‍ ഏഷ്യ വൈസ് പ്രസിഡന്റിനെ ഉദ്ധരിച്ച് ദി സൗത്ത് ചൈന മോണിങ് പോസ്റ്റും ഇക്കാര്യം നേരത്തെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതിനെല്ലാം തുടക്കമിട്ടത് ദി വാള്‍ സ്ട്രീറ്റ് ജേണലാണ്. റവ്പവര്‍ (RavPower) എന്ന ചൈനീസ് ആക്‌സസറി നിര്‍മാണ കമ്പനി തങ്ങളുടെ പ്രോഡക്ടുകള്‍ക്ക് ആമസോണിൽ മികച്ച റിവ്യൂ എഴുതിയാല്‍ ഗിഫ്റ്റ് കാര്‍ഡ് നല്‍കുന്നുവെന്ന് ജേണൽ വാര്‍ത്ത നല്‍കിയിരുന്നു.
റവ്പവര്‍ 35 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡാണ് നൽകിയിരുന്നത് എന്നാണ് നിക്കോള്‍ ന്ഗ്യൂയെന്‍ (Nicole Ngyuen) നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മികച്ച റിവ്യൂ എഴുതാന്‍ പ്രേരിപ്പിക്കുന്ന ഗിഫ്റ്റ് കാര്‍ഡുകള്‍ തനിക്കും ലഭിച്ചെന്നാണ് ദി വേര്‍ജ് റിപ്പോര്‍ട്ടര്‍ സീന്‍ ഹോളിസ്റ്ററും പറഞ്ഞിരിക്കുന്നത്
ഇങ്ങനെ ഉപയോക്താവിനെ പ്രേരിപ്പിച്ച് മികച്ച റിവ്യൂ എഴുതി വാങ്ങുന്ന രീതി 2016ല്‍ ആമസോണ്‍ നിരോധിച്ചതാണ്. എന്നാല്‍, വ്യാജ റിവ്യൂകള്‍ എഴുതി വാങ്ങുന്നവര്‍ അധിക വാറന്റി നല്‍കാമെന്നും, വിഐപി ടെസ്റ്റിങ് പ്രോഗ്രാമിന്റെ ഭാഗമാണെന്നും എല്ലാം പറഞ്ഞ് വളഞ്ഞ വഴിയില്‍ തുടര്‍ന്നും ഉപഭോക്താക്കളെ വഞ്ചിക്കുകയായിരുന്നു. മറ്റു കമ്പനികളും ഇതുപോലുള്ള തന്ത്രങ്ങള്‍ പയറ്റാറുണ്ട്. നിങ്ങള്‍ ഒരു മോശം റിവ്യൂ എഴുതിയിട്ടാല്‍ അത് നീക്കം ചെയ്യാനായി പുതിയ പ്രോഡ്ക്ട് എത്തിച്ചു നല്‍കുമെന്നതാണ് അതിലൊന്ന്.
എന്നാല്‍, റിവ്യൂ പൂര്‍ണമായി നീക്കം ചെയ്താലെ പുതിയ പ്രോഡക്ട് തരൂ എന്നായിരിക്കും നിലപാട്. ആമസോണിന്റെ പുതിയ ശുദ്ധികലശത്തില്‍ പുറത്തുപോയിരിക്കുന്നതും പോകാനിരിക്കുന്നതും ഏതെല്ലാം ബ്രാന്‍ഡുകളാണ് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
അതേസമയം, നിരോധിക്കപ്പെട്ടുവെന്നു പറയപ്പെടുന്ന കമ്പനികളുടെ സബ് ബ്രാന്‍ഡുകള്‍ ഇപ്പോഴും ആമസോണ്‍ വഴി ഇയര്‍ ബഡ്‌സ് അടക്കമുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആമസോണിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ദി വേര്‍ജ് പറയുന്നു.
ഈ വര്‍ഷം ജൂലൈയില്‍ ദി സൗത്ത് ചൈന മോണിങ് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആമസോണിലെ ഏറ്റവും വലിയ ചൈനീസ് റീട്ടെയില്‍ വ്യാപാരി എന്നറിയപ്പെടുന്ന വൈകെഎസിന്റെ കീഴിലുള്ള 340 സ്റ്റോറുകള്‍ പൂട്ടിയെന്നും കമ്പനിയുടെ 20 ദശലക്ഷം ഡോളറിനുള്ള വസ്തുവകകള്‍ കണ്ടുകെട്ടിയെന്നും പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല