സ്വന്തം ലേഖകൻ: ആമസോണിൽ പാസ്പോർട്ട് കവർ ഓർഡർ ചെയ്തയാളിന് പൗച്ചിനോടൊപ്പം കിട്ടിയത് ഒറിജിനൽ പാസ്സ്‌പോർട്ട്. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുൻ ബാബുവിനാണ് ആമസോണിൽ നിന്ന് പാസ്പോർട്ട് ലഭിച്ചത്. ഒക്ടോബർ 30 നാണ് മിഥുൻ ബാബു ആമസോണിൽ പാസ്പോർട്ട് പൗച്ച് ഓർഡർ ചെയ്തത്. നവംബർ ഒന്നിന് പൗച്ച് കൈയ്യിലെത്തി. പൗച്ച്പരിശോധിച്ചപ്പോഴാണ് അതിൽ തൃശ്ശൂർ സ്വദേശിയുടെ ഒറിജനൽ പാസ്പോർട്ട് കണ്ടത്.
നേരത്തെ പാസ്പോർട്ട് കവർ ബുക്ക് ചെയ്തിരുന്ന തൃശൂർ സ്വദേശി പൗച്ച് റിട്ടേൺ ചെയ്തിരുന്നു. തിരിച്ചയച്ചപ്പോൾ കവറിൽ പാസ്പോർട്ട് പെട്ടു പോയി. എന്നാൽ തിരിച്ചു വന്ന പൗച്ച് ഒരു പരിശോധനയും കൂടാതെ പാർസൽ സർവീസുകാർ മിഥുൻ ബാബുവിനു അയക്കുകയായിരുന്നു. ആമസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും തെറ്റ് പറ്റിയതാണെന്നും ആവര്‍ത്തിക്കില്ലെന്നുമായിരുന്നു മറുപടി.
എന്നാല്‍ കവറിനൊപ്പം ലഭിച്ച പാസ്പോര്‍ട്ട് എന്തു ചെയ്യണമെന്ന് മാത്രം അധികൃതര്‍ പറഞ്ഞില്ല. തുടര്‍ന്ന് മിഥുന്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോളാണ് തൃശൂര്‍ സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടേതാണെന്ന് മനസിലായത്. മുഹമ്മദ് സാലിഹിന് പാസ്പോർട്ട് അയച്ചു നൽകാനൊരുങ്ങുകയാണ് മിഥുൻ. വിതരണ കമ്പനിയുടെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ച സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല