![](https://www.nrimalayalee.com/wp-content/uploads/2021/11/Ambani-Family-Shifted-to-London-.jpg)
സ്വന്തം ലേഖകൻ: ഇന്ത്യയിെല ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി സ്ഥിര താമസത്തിനായി ലണ്ടൻ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. ലണ്ടനിലെ സ്‌റ്റോക് പാർക്കിൽ ഈയിടെ വാങ്ങിയ ആഡംബര ബംഗ്ലാവിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ താമസം മാറുന്നതായാണ് വിവരം. ഭാവിയിൽ മുംബൈയിലും ലണ്ടനിലുമായി മാറിമാറിയാകും അംബാനിയും കുടുംബവും താമസിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലണ്ടൻ സ്‌റ്റോക് പാർക്കിലെ ബക്കിങ്ഹാം ഷെയറിൽ മുന്നൂറ് ഏക്കർ വിസ്തൃതിയുള്ള ബംഗ്ലാവ് കഴിഞ്ഞ ഏപ്രിലിൽ അംബാനി സ്വന്തമാക്കിയിരുന്നു. 592 കോടി രൂപയാണ് ഇതിനായി മുടക്കിയത്. ലോകത്തിലെ ഏറ്റവും വിലയേറിയ ഭവനം എന്നറിയപ്പെടുന്ന ആന്‍റിലിയയിലാണ് അംബാനിയും കുടുംബവും ഇതുവരെ താമസിച്ചിരുന്നത്. മുംബൈയിലെ ആൾട്ടമൗണ്ട് റോഡിലാണ് ആന്‍റിലിയ സ്ഥിതി ചെയ്യുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മറ്റൊരു സ്ഥലത്തേക്ക് താമസം മാറുന്നതിനെ കുറിച്ച് അംബാനി കുടുംബം ചിന്തിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകൾ പറയുന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് ഗുജറാത്തിലെ ജാംനഗറിലായിരുന്നു ശതകോടീശ്വരനും കുടുംബവും താമസിച്ചിരുന്നത്. റിലയൻസിന്റെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജാംനഗർ.
മുംബൈയിലേത് പോലെ ഇടുങ്ങിയ സ്ഥലത്തുള്ള ഉയർന്ന കെട്ടിടത്തിന് പകരം തുറസ്സായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് മാറാൻ അവർ ആഗ്രഹിക്കുന്നു’ -എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു. വാർത്തയുമായി ബന്ധപ്പെട്ട് അംബാനി കുടുംബത്തിന്‍റെ പ്രതികരണം ആരാഞ്ഞെങ്കിലും ലഭിച്ചിട്ടില്ല. ഇത്തവണ അംബാനിയുടെ ദീപാവലി ആഘോഷവും സ്‌റ്റോക് പാർക്കിലെ ബംഗ്ലാവിലിരുന്നു.
ഏറെക്കാലത്തിന് ശേഷമാണ് അംബാനി ദീപാവലി രാജ്യത്തിന് പുറത്ത് ആഘോഷിക്കുന്നത്. യുകെയിലെ വീട്ടിൽ ക്ഷേത്രം ഒരുക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. രാജസ്ഥാനിൽ നിന്നുള്ള ശിൽപ്പിക്കാണ് ഇതിന്‍റെ ചുമതല. ബ്രിട്ടനിലെ പ്രധാനപ്പെട്ട കൺട്രി ക്ലബുകളിൽ ഒന്നാണ് അംബാനി സ്വന്തമാക്കിയ ബക്കിങ്ഹാം ഷെയർ കൊട്ടാരം. സെലിബ്രിറ്റികൾ അടക്കം ഒത്തുകൂടുന്ന പഞ്ചനക്ഷത്ര ഹോട്ടലും ഗോൾഫ് കോഴ്‌സും ഇതിലുണ്ട്.
ജയിംസ് ബോണ്ടിന്റെ ഏറ്റവും വലിയ ഹോളിവുഡ് വിജയങ്ങളിലൊന്നായ ഗോൾഡ് ഫിംഗറും നെറ്റ്ഫ്‌ളിക്‌സിൽ തരംഗമായ ദ ക്രൗൺ സീരിസും ഉൾപ്പെടെ നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.പ്രധാന കെട്ടിടത്തിൽ 49 കിടപ്പുമുറികളുണ്ട്. നിലവിൽ 300 ഏക്കർ വസ്തുവിൽ തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുകയാണ് കുടുംബം. സ്വകാര്യ വസതിയായിരുന്ന മാൻഷൻ 1908ന് ശേഷമാണ് കൺട്രി ക്ലബ്ബാക്കി മാറ്റുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല