സ്വന്തം ലേഖകന്‍: പ്രാര്‍ഥനകള്‍ വിഫലമായി, പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് അമ്പിളി ഫാത്തിമ യാത്രയായി. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവെച്ച് ജീവിതം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിനിടയിലാണ് 22 കാരിയായ അമ്പിളി ഫാത്തിമയെ മരണം വിളിച്ചത്. അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അമ്പിളി.
ആന്തരികാവയകങ്ങളിലും രക്തത്തിലുമുണ്ടായ അണുബാധയാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പത്തു മാസം മുന്‍പ് ചെന്നൈ അപ്പോളോയിലായിരുന്നു അമ്പിളി ഫാത്തിമയുടെ ഹൃദയവും ശ്വാസകോശവും മാറ്റി വച്ചത്. അപൂര്‍വ ശസ്ത്രക്രിയക്കു ശേഷം ഒരു മാസം പിന്നിട്ടപ്പോള്‍ കടുത്ത അണുബാധയുണ്ടായതിനെ തുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയക്കും അമ്പിളിയെ വിധേയയാക്കിയിരുന്നു.
തുടര്‍ന്ന് പത്ത് മാസത്തെ തുടര്‍ ചികിത്സയ്ക്കു ശേഷം ഒരു മാസം മുന്‍പാണ് അമ്പിളിയെ കോട്ടയത്തെ വീട്ടില്‍ എത്തിച്ചത്. ചെന്നൈയില്‍ നിന്നും ഒരു നഴ്‌സും അമ്പിളിയെ പരിചരിക്കാന്‍ എത്തിയിരുന്നു. വീട്ടില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. ഇതിനിടെ, പനിയും ശ്വാസതടസവും ബാധിച്ചതിനെ തുടര്‍ന്നാണ് അമ്പിളിയെ കാരിത്താസില്‍ എത്തിച്ചത്.
എന്നാല്‍, തലച്ചോറിന്റെയും ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചതിനെ തുടര്‍ന്ന് അമ്പിളി ഫാത്തിമ മരണത്തിന് കീഴടങ്ങുകയായിരുന്നു. കോട്ടയം സി.എം.എസ് കോളജിലെ അവസാനവര്‍ഷ എം.കോം വിദ്യാര്‍ഥിനിയായിരുന്നു അമ്പിളി ഫാത്തിമ. രോഗ പീഡകള്‍ക്കു മുന്നിലും പുഞ്ചിരിയോടെ നിവര്‍ന്നു നിന്ന അമ്പിളി സമൂഹ മാധ്യമങ്ങളിലും മറ്റും ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല