സ്വന്തം ലേഖകന്‍: തലയില്‍ റോക്കറ്റ് ചീളുകളുമായി ജനിച്ച കുഞ്ഞ് അഭയാര്‍ഥി ദുരന്തത്തിന്റെ പുതിയ പ്രതീകമാകുന്നു. റോക്കറ്റ് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ഗര്‍ഭിണിയായ യുവതി, തലയില്‍ റോക്കറ്റ് ചീള്‍ തറച്ച നിലയില്‍ ജന്മം നല്‍കിയ അമേലയെന്ന കുഞ്ഞാണ് അഭയാര്‍ഥികളുടെ അവസാനിക്കാത്ത ദുരിതങ്ങളുടെ ജീവിക്കുന്ന പ്രതീകമായി മാറിയത്.
സിറിയന്‍ നഗരമായ ആലപ്പോയിലാണ് ഈ ശിശുവിന്റെ ജനനം. ഇടത് കണ്ണിന് മുകളിലായി റോക്കറ്റിന്റെ ചീള്‍ തറച്ച നിലയില്‍ ജനിച്ചുവീണ അമേലയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്ന വിഡിയോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ആശുപത്രി അധികൃതര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ തന്നെയാണ് പ്രതീക്ഷയെന്ന് അര്‍ഥം വരുന്ന അമേലയെന്ന പേര് കുഞ്ഞിന് നല്‍കിയതും.
സെപ്റ്റംബര്‍ 18 ന് വിമതരെ ലക്ഷ്യംവച്ച് സിറിയന്‍ സര്‍ക്കാര്‍തന്നെ നടത്തിയ വ്യോമാക്രമണത്തിനിടെയാണ് അമേലയുടെ മാതാവ് അമീറയും മൂന്നു സഹോദരങ്ങളുമുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റത്. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് അമീറയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
ജനിക്കുംമുന്‍പേ മരണത്തിലേക്ക് ഉന്നംവയ്ക്കപ്പെട്ടവളാണ് അമേലയെന്ന് സിറിയ എക്‌സ്പാട്രിയേറ്റ് മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധിയായ ഡോ. മുഹമ്മദ് ടാബ്ബാ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സിറിയ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിന്റെ പ്രതീകമാണീ കുഞ്ഞ്. എങ്കിലും വിധി അവള്‍ക്കായി കൂടുതല്‍ മികച്ചൊരു ഭാവിയാണ് കാത്തുവച്ചിരിക്കുന്നെതന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും ഡോ. ടാബ്ബ പറയുന്നു.
അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ലോകശ്രദ്ധയിലെത്തിച്ച തുര്‍ക്കി സ്വദേശിയായ മൂന്നു വയസുകാരന്‍ അയ്‌ലാന്‍ കുര്‍ദിയുടെ നെഞ്ചുരുക്കുന്ന ചിത്രത്തിനു പിന്നാലെയാണ് ആഭ്യന്തര യുദ്ധത്തിന്റെ ദുരിതം പേറുന്ന സിറിയന്‍ ജനതയുടെ പ്രതീകമായി അമേലയുടെ ജനനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല