1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2024

സ്വന്തം ലേഖകൻ: റസിഡൻസി സേവനങ്ങൾക്കുള്ള ആമർ കേന്ദ്രങ്ങളുടെ എണ്ണം ദുബായിൽ വർധിപ്പിച്ചു. നിലവിൽ സെന്ററുകൾ 75 എണ്ണമായി വർധിച്ചുവെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ഇതിൽ ഹോസ്പിറ്റാലിറ്റി സേവനങ്ങൾ അടക്കം നൽകുന്ന 5 ലോഞ്ചുകളും ദുബായ് വിമാനത്താവളത്തിലെ രണ്ട് ശാഖകളും ഉൾപ്പെടും. വിവിധ സ്ഥലങ്ങളിൽ ഉപയോക്താക്കളുടെ ഇടപാടുകൾ പൂർത്തീകരിക്കാൻ സഹായിക്കുന്ന ആമർ സെന്ററുകളുടെ സേവനങ്ങൾ വിപുലീകരിക്കുമെന്ന് റെഗുലർ സെന്ററുകളുടെ ഡയറക്ടർ മേജർ മർവാൻ മുഹമ്മദ് ബെൽഹാസ പറഞ്ഞു.

2023 അവസാനത്തോടെ സെന്ററുകളിലൂടെ നടപടി പൂർത്തിയാക്കിയ ഇടപാടുകളുടെ എണ്ണം 4,925,939 ആയിരുന്നു. വർഷംതോറും 21.3 ശതമാനമാണ് വർധനവ്. അതിനൊപ്പം ഈ വർഷം ജനുവരി മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ 1,594,644 ഇടപാടുകളാണ് ആമർ കേന്ദ്രങ്ങൾ നടത്തിയതെന്ന് ജി ഡി ആർ എഫ് എ വ്യക്തമാക്കി. ജോലിക്കുള്ള പുതിയ എൻട്രി പെർമിറ്റ്, താമസ വീസ, ഗോൾഡൻ വീസ, പുതിയ ഫ്രീ സോൺ സ്ഥാപനത്തിന്റെ റജിസ്ട്രേഷൻ, റസിഡൻസി റദ്ദാക്കൽ, എക്സിറ്റ് പെർമിറ്റ് നൽകൽ, ഡിപ്പാർച്ചർ പെർമിറ്റ്, സന്ദർശനത്തിനുള്ള പുതിയ എൻട്രി പെർമിറ്റ് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾക്കുള്ള അപേക്ഷ- പരിഹാരകേന്ദ്രമാണ് ആമർ സെന്ററുകൾ.

കൂടാതെ സാമ്പത്തിക–വിനോദസഞ്ചാര വകുപ്പ്, മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ മറ്റ് സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങങ്ങളും ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്. ദുബായിലെ ആമർ സെന്ററുകൾ ജിഡിആർഎഫ്എയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിനുള്ള സംവിധാനം ഡയറക്ടറേറ്റിനുണ്ട്.

കേന്ദ്രങ്ങളുടെ പ്രവർത്തനം വിദൂരമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും പൂർണ മേൽനോട്ടം വഹിക്കാനും ജിഡിആർഎഫ്എയ്ക്ക് സാധിക്കുന്നു. കൂടാതെ കേന്ദ്രങ്ങളുടെ പ്രകടനം അവലോകനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ജിഡിആർഎഫ്എ ഉദ്യോഗസ്ഥർ ആമർ സെന്ററുകളിൽ സന്ദർശനം നടത്തുന്നുണ്ട്. നിലവിൽ 893 സ്വദേശികൾ ആമർ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.