1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2012

അമേരിക്കന്‍ സൈനികതാവളത്തില്‍ ഖുര്‍ ആന്‍ കത്തിച്ചുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് അഫ്ഗാനിസ്താനില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നാലാം ദിവസവും തുടര്‍ന്നു. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. സംഭവത്തില്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ മാപ്പുപറഞ്ഞെങ്കിലും അതൊന്നും തെരുവിലറിങ്ങിയ അഫ്ഗാനികളെ സാന്ത്വനിപ്പിച്ചിട്ടില്ല.

വെള്ളിയാഴ്ചയും രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധപ്രകടനം നടത്തിയവര്‍ വിദേശസൈനികതാവളങ്ങള്‍ക്കും അമേരിക്കന്‍ കോണ്‍സുലേറ്റിനും നേരെ തിരിഞ്ഞു. വെള്ളിയാഴ്ച മാത്രം പോലീസ് വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു. പൊതുവെ ശാന്തമായിരുന്ന പശ്ചിമ ഹെറാത്തിലാണ് നാലുമരണം. ഇവിടെ ആയിരത്തിലേറെ പ്രക്ഷോഭകര്‍ അമേരിക്കന്‍ കോണ്‍സുലേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു.

കാബൂളില്‍ അമേരിക്കയ്ക്ക് മരണമെന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്കുനേരേ സേന നടത്തിയവെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ അഞ്ചിടത്ത് പ്രതിഷേധം നടന്നു. വടക്കന്‍ ബാഗ്ലാന്‍, കുണ്ടൂസ് പ്രവിശ്യകളിലും മധ്യ ബാമിയാന്‍, ഗസ്‌നി, കിഴക്കന്‍ നന്‍ഗര്‍ഹര്‍ എന്നിവിടങ്ങളിലും ജനം തെരുവിലിറങ്ങി. വിശുദ്ധഗ്രന്ഥം കത്തിച്ച അവിശ്വസികള്‍ക്കെതിരെ വിശ്വാസികള്‍ തെരുവിലിറങ്ങണമെന്ന് വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം കാബൂളിലെ പള്ളിയില്‍ പുരോഹിതന്‍ ആഹ്വാനം ചെയ്തതോടെയാണ് കലാപം വ്യാപകമായത്.

ചൊവ്വാഴ്ചയാണ് ബഗ്രാമിലെ യു.എസ്. വ്യോമത്താവളത്തില്‍ ഖുര്‍ ആന്‍ കത്തിക്കല്‍ സംഭവമുണ്ടായത്. നേരത്തേ അഫ്ഗാനികളുടെ മൃതദേഹത്തില്‍ യു.എസ്. സൈനികര്‍ മൂത്രമൊഴിക്കുന്ന ദൃശ്യം പ്രചരിച്ചതിനെതുടര്‍ന്നുണ്ടായ പ്രതിഷേധം ഇതുകൂടിയായതോടെ ആളിക്കത്തുകയായിരുന്നു. തുടര്‍ന്നാണ് ഒബാമ മാപ്പു പറയുകയും പ്രസിഡന്റ് ഹമീദ് കര്‍സായി സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.