ഏറെക്കാലത്തെ നയതന്ത്ര പോര്‍മുഖങ്ങള്‍ക്ക് വിരാമമിട്ട് അമേരിക്കയും ക്യൂബയും പരസ്പരം സഹകരിക്കുന്നു. അമേരിക്ക ഹവാനയിലും ക്യൂബ വാഷിംഗ്ടണിലും ജുലൈ 20ന് എംബസികള്‍ ആരംഭിക്കും. ഇരു രാഷ്ട്രത്തലവന്മാരും വിപ്ലവാത്മകമായ ഈ തീരുമാനത്തിന് അന്തിമ അനുമതി നല്‍കി.
അര നൂറ്റാണ്ടിലേറെ നീണ്ടു നിന്ന വൈരം മറന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഉന്നത ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച്ച നടന്നത് മുതല്‍ എംബസികള്‍ പുനരാരംഭിക്കുന്ന കാര്യം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്ത് വരികയായിരുന്നു. റൗള്‍ കാസ്‌ട്രോയും ബരാക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥ കൂടിക്കാഴ്ച്ചകള്‍ക്ക് ചെറിയ തടസ്സമുണ്ടായെങ്കിലും പിന്നീട് പുനരിജ്ജീവിപ്പിക്കുകയായിരുന്നു.
ഈ സമ്മറില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഹവാന സന്ദര്‍ശിക്കുമെന്ന് എംബസി തുറക്കുന്ന കാര്യം പ്രഖ്യാപിച്ച് കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
എംബസി തുറക്കാനുള്ള തീരുമാനം കൈക്കൊള്ളാനുള്ള അവകാശം പ്രസിഡന്റിനുണ്ടെങ്കിലും അവിടേയ്ക്ക് അംബാസിഡറെ നിയമിക്കാനുള്ള ഉത്തരവ് സെനറ്റ് വഴി മാത്രമെ പാസാക്കാന്‍ സാധ്യതയുള്ളു. ഒബാമയുടെ ക്യൂബന്‍ സഹകരണത്തിന് സെനറ്റ് അംഗീകാരം നല്‍കുമോ എന്നത് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു ചോദ്യമാണ്.
1961 മുതലാണ് അമേരിക്ക ക്യൂബയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉപേക്ഷിച്ച് ക്യൂബയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല