ആഗോള സാമ്പത്തിക മേഖലയില്‍ മേല്‍ക്കൈ നേടുന്നതിനുള്ള അമേരിക്കയുടെയും ചൈനയുടെയും മത്സരം ഏഷ്യ- പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിയെ താത്പര്യസംഘട്ടനങ്ങളുടെ വേദിയാക്കി. ചൈനയ്ക്കെതിരെ കടുത്തവാക്കുകളുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തിയതിനുപിന്നാലെ ആഗോള സാമ്പത്തികവേദികളില് ശക്തമായ സ്വാധീനം ചെലുത്തുമെന്ന് ചൈന പ്രഖ്യാപിക്കുകയും ചെയ്തു.
ആഗോളവിപണിയില്‍ സ്വന്തം പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ആഭ്യന്തരവിപണി തുറന്നിട്ട് വ്യവസായികളെ സ്വാഗതം ചെയ്യുന്നതായി അമേരിക്കയിലെ ഹോണോലുലുവില്‍ നടക്കുന്ന ഉച്ചകോടിയില്‍ ചൈനാ പ്രസിഡന്റ് ഹു ജിന്താവോ പറഞ്ഞു. അന്താരാഷ്ട്രസാമ്പത്തികക്രമം കൂടുതല്‍ നീതിയുക്തവും സമത്വാധിഷ്ഠിതവുമാക്കാന് സംഘടനകളുടെ പരിഷ്കരണത്തിനായി ചൈന പ്രവര്‍ത്തിക്കുമെന്നും ഹു പ്രഖ്യാപിച്ചു. സ്വതന്ത്രവ്യാപാരത്തിനും സംരക്ഷണങ്ങളില്ലാത്ത വിപണിക്കും വേണ്ടിയാണ് കമ്യൂണിസ്റ്റ് ചൈന അപെക്കിനു മുന്നില്‍ വാദിച്ചത്.
അന്താരാഷ്ട്രവ്യാപാരത്തിലെ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്ന് ഒബാമ ചൈനയ്ക്ക് മുന്നറിയിപ്പ് നല്കി. ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം കയറ്റുമതി പ്രോല്സാഹിപ്പിക്കാന്വേണ്ടി ചൈന മനപൂര്‍വം താഴ്ത്തുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ചൈന നിലപാട് തിരുത്തിയെല്ലെങ്കില് ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ഒബാമ മുന്നറിയിപ്പ് നല്കി. എന്നാല്‍, അമേരിക്കയുടെ വാണിജ്യകമ്മിക്കും തൊഴില്ലായ്മയ്ക്കും തങ്ങള്‍ ഉത്തരവാദികളെല്ലെന്ന് ഹു തിരിച്ചടിച്ചു. മാത്രവുമല്ല ആഗോളതലത്തില്‍ വന്‍ ശക്തിയാവുക ചൈനയുടെ ലക്ഷ്യവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ചൈനയുടെ വാണിജ്യരംഗത്തെ വന്കുതിപ്പുയര്ത്തിക്കാട്ടി അമേരിക്കന്‍ സാമ്പത്തികത്തകര്‍ച്ച വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിഷയമാക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി നീക്കമാണ് ഒബാമയെ സമ്മര്‍ദത്തിലാക്കുന്നത്. അതേസമയം, അപെക് സ്വതന്ത്രവാണിജ്യ മേഖല ഉടമ്പടി ബോമയുടെ നേട്ടമായാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല