1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2011

ഒമ്പത് വര്‍ഷം നീണ്ട ഇറാഖ് അധിനിവേശത്തിന് തിരശ്ശീലയിട്ട് അമേരിക്കന്‍ സൈന്യം ബാഗ്ദാദ് നഗരത്തിലെ യു.എസ്. പതാക ഔപചാരികമായി താഴ്ത്തി. 2011 അവസാനത്തോടെ ഇറാഖിലെ അവസാന സൈനികനെയും പിന്‍വലിക്കുമെന്ന യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രഖ്യാപനം പാലിച്ചുകൊണ്ടാണ് ഈ സേനാ പിന്മാറ്റം. രാജ്യത്ത് അവശേഷിച്ചിരുന്ന 5,500-ഓളം യു. എസ്. സൈനികര്‍ മടക്കയാത്ര തുടങ്ങിക്കഴിഞ്ഞു.

ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ പക്കല്‍ മാരക നശീകരണശേഷിയുള്ള ആയുധങ്ങളുണ്ടെന്ന് ആരോപിച്ച് 2003 മാര്‍ച്ചിലാണ് അമേരിക്കന്‍ സൈന്യം ബാഗ്ദാദില്‍ കടന്നത്. രക്തരൂഷിതമായ ഏറ്റുമുട്ടലിനൊടുവില്‍ ഇറാഖ് കീഴടക്കിയ അമേരിക്ക 2003 ഡിസംബറില്‍ സദ്ദാം ഹുസൈനെ ഒളിയിടത്തില്‍ നിന്ന് പിടികൂടുകയും മൂന്ന് വര്‍ഷത്തിനുശേഷം തൂക്കിലേറ്റുകയും ചെയ്തു.

സദ്ദാംഹുസൈന്റെ ഭീഷണിയില്‍നിന്ന് ലോകത്തെ മോചിപ്പിച്ചെന്നും ഇറാഖില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചെന്നുമാണ് അമേരിക്കന്‍ ഭരണകൂടം അവകാശപ്പെടുന്നതെങ്കിലും വംശീയസംഘര്‍ഷങ്ങളും ചാവേര്‍ സേ്ഫാടനങ്ങളും നിത്യസംഭവമായി ക്രമസമാധാനനില പാടെ തകര്‍ന്ന ഒരു രാജ്യത്തെ ഇറാഖി സുരക്ഷാഭടന്മാരുടെ കൈയിലേല്‍പ്പിച്ചാണ് അവര്‍ പടിയിറങ്ങുന്നത്. മാരകായുധങ്ങളുടെ പേരു പറഞ്ഞ് ഇറാഖിലെത്തിയ അമേരിക്കന്‍ സൈന്യത്തിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് യുദ്ധത്തിന് ഉത്തരവിട്ട അന്നത്തെ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ബുഷിന് ഒടുവില്‍ സമ്മതിക്കേണ്ടിവരികയും ചെയ്തു.

ഒമ്പതുവര്‍ഷം നീണ്ട അധിനിവേശത്തിനിടെ പതിനഞ്ച് ലക്ഷം അമേരിക്കക്കാരാണ് ഇറാഖില്‍ പ്രവര്‍ത്തിച്ചത്. ഒരു ഘട്ടത്തില്‍ സൈനികരുടെ എണ്ണം മാത്രം 1,70,000 കവിഞ്ഞു. ഒരു ലക്ഷത്തോളം ഇറാഖി പൗരന്മാരും 4,500-ഓളം യു.എസ്. സൈനികരും കൊല്ലപ്പെട്ടു. യു. എസ്. ഖജനാവില്‍ നിന്ന് ലക്ഷം കോടിയോളം ഡോളര്‍ ചോര്‍ത്തിയ യുദ്ധത്തിനെതിരെ അമേരിക്കയില്‍ത്തന്നെ പ്രതിഷേധമുയര്‍ന്നതോടെ സൈനികരെ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ ഒബാമ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

2010 ആഗസേ്താടെ ഇറാഖിലെ യുദ്ധഭടന്മാരെ പൂര്‍ണമായി പിന്‍വലിച്ചതായി അമേരിക്ക പ്രഖ്യാപിച്ചു. പരിശീലനത്തിനെന്നു പറഞ്ഞാണ് 5,500 പേര്‍ അവിടെ തുടര്‍ന്നത്. അവരാണ് ഇപ്പോള്‍ പിന്‍വാങ്ങുന്നത്. യു.എസ്. പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയുടെ സാന്നിധ്യത്തിലായിരുന്നു വ്യാഴാഴ്ചത്തെ പതാക താഴ്ത്തല്‍ ചടങ്ങ്.

സൈനികര്‍ പൂര്‍ണമായി പിന്മാറിയെങ്കിലും അമേരിക്കന്‍ എംബസിയിലെ 15,000-ത്തോളം യു.എസ്. ജീവനക്കാര്‍ ബാഗ്ദാദില്‍ തുടരും. അമേരിക്കയോട് ആഭിമുഖ്യമുള്ള പാവ സര്‍ക്കാറിനെ പ്രതിഷ്ഠിച്ചിട്ടാണ് പിന്മാറ്റമെന്നതുകൊണ്ട് ഭരണത്തില്‍ അവര്‍ക്ക് അമേരിക്കയുടെ സഹായം ആവശ്യമായിവരികയും ചെയ്യും. സുന്നി-ഷിയ സംഘര്‍ഷങ്ങളെയും ഭീകരാക്രമണങ്ങളെയും നേരിടാന്‍ ഇറാഖി ഭരണകൂടത്തിന് ശേഷിയുണ്ടാവുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.