സ്വന്തം ലേഖകൻ: എയർ ഹോസ്റ്റസിനെ വെയ്റ്റർ എന്നുവിളിച്ചതിന് പിന്നാലെയുണ്ടായ വാക്കുത്തർക്കത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു. അമേരിക്കൻ എയർലൈൻസ് വിമാനമാണ് ന്യൂയോർക്ക് സിറ്റിയിലെ ജെഎഫ്കൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഗയാനയിലെ ജോർജ് ടൗണിലേക്കുള്ള വിമാനമാണ് യാത്രക്കാരുമായി പറന്നുയർന്ന് രണ്ട് മണിക്കൂറിനകം ലാൻഡ് ചെയ്തത്.
ജൂലൈ പതിനെട്ടിനാണ് വിമാനത്തിലെ ബിസിനസ് ക്ലാസിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു യാത്രക്കാരനും ഫ്ലൈറ്റ് അറ്റൻഡന്റും തമ്മിലുള്ള തർക്കം മൂലം വിമാനം അടിയന്തരമായി ലാൻഡ് ചെയ്യെണ്ടി വന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആക്ടിവിസ്റ്റ് ജോയൽ ഘാൻഷാം എന്ന യാത്രക്കാരനും ഫ്ലൈറ്റ് അറ്റൻഡറും തമ്മിലാണ് തർക്കമുണ്ടായത്. വാർത്ത പുറത്തുവന്നതോടെ വിമാനത്തിൽ നടന്നതെന്താണെന്ന് ജോയൽ വ്യക്തമാക്കി.
അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയമായതിനാൽ ബാഗ് ഓവർഹെഡ് സ്റ്റോറേജിൽ വെക്കാൻ സാധിക്കുമായിരുന്നില്ല. സഹായം ആവശ്യപ്പെട്ടെങ്കിലും ഫ്ലൈറ്റ് അറ്റൻഡ് നിഷേധിച്ചു. ഇത് തൻ്റെ ജോലിയല്ലെന്നും, ഇതിന് പ്രതിഫലം ലഭിക്കില്ലെന്നുമാണ് മറുപടി ലഭിച്ചത്. എന്നാൽ മറ്റൊരു ജീവനക്കാരൻ എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയും ക്ഷമാപണം നടത്തിയ ശേഷം ബാഗ് ഉയർത്തിവെക്കാൻ സഹായിക്കുകയും ചെയ്തുവെന്ന് ജോയൽ പറഞ്ഞു.
ഒരു മണിക്കൂറിന് ശേഷം സഹായിക്കാൻ വിസമ്മതിച്ച ഈ ഫ്ലൈറ്റ് അറ്റൻഡൻ്റ് സമീപത്ത് എത്തി കുടിക്കാൻ എന്തെങ്കിലും വേണോ എന്ന് ചോദിച്ചു. വേണ്ടെന്നും ചോദിച്ചതിന് നന്ദി വെയിറ്റർ എന്ന് മറുപടി നൽകുകയും ചെയ്തു. ഇതോടെ ഫ്ലൈറ്റ് അറ്റൻഡൻ്റ് രൂക്ഷമായി പെരുമാറുകയായിരുന്നുവെന്ന് ജോയൽ കൂട്ടിച്ചേർത്തു.
പ്രകോപിതനായ ഫ്ലൈറ്റ് അറ്റൻഡൻ്റ് താൻ വെയ്റ്റർ അല്ലെന്നും വിമാനം വഴിതിരിച്ച് വിടാനുള്ള അധികാരമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്തോളാൻ ജോയൽ പറഞ്ഞതിന് പിന്നാലെ അമേരിക്കൻ എയർലൈൻസ് വിമാനം ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുന്നതായി അറിയിപ്പുണ്ടായി. തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു.
ജെഎഫ്കൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഒരു പോലീസ് ഉദ്യോഗസ്ഥനും എയർപോർട്ടിലെ ഒരു ഉദ്യോഗസ്ഥനുമായി സംസാരിച്ചെങ്കിലും എയർപോട്ട് വിടാൻ ഇരുവരും അനുവദിച്ചു. ഫ്ലൈറ്റ് അറ്റൻഡൻ്റുമായി തർക്കിച്ചില്ലെന്നും മാന്യമായ രീതിയിലാണ് സംസാരിച്ചതെന്നും ജോയൽ പറഞ്ഞു. ഉച്ചത്തിലുള്ള സംഭാഷണം പോലുമുണ്ടായില്ലെന്ന് ജൊയൽ കൂട്ടിച്ചേർത്തു.
സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം വിമാനക്കമ്പനി അധികൃതർ ബന്ധപ്പെടുകയും ക്ഷമാപണം നടത്തി നഷ്ടപരിഹാരമായി 10,000 മൈൽ സൗജന്യ യാത്ര ചെയ്യാനുള്ള ഓഫർ നൽകിയെങ്കിലും ഈ ഓഫർ ജോയൽ നിരസിച്ചതായി സ്റ്റാബ്രോക്ക് ന്യൂസ് റിപ്പോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് കമ്പനി നഷ്ടപരിഹാരം നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല