സ്വന്തം ലേഖകൻ: വിമാനത്തിലെ ജീവനക്കാരനു നേരെ യാത്രക്കാരന്‍റെ ആക്രമണം. കാലിഫോര്‍ണിയ സ്വദേശിയായ അലക്‌സാണ്ടര്‍ ടുംഗ് ക്യൂലി(33)യാണ് യാത്രക്കിടെ ജീവനക്കാരന്‍റെ തലയ്ക്കടിച്ചത്. ബുധനാഴ്ച മെക്‌സിക്കോയിലെ ലോസ് കാബോസില്‍ നിന്ന് ലോസ്ഏഞ്ചല്‍സിലേക്ക് പോവുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റ ഫ്ലൈറ്റ് 377ലായിരുന്നു സംഭവം.
യാത്രാമധ്യേ വിമാനത്തിനുളളില്‍ ഭക്ഷണം വിതരണം ചെയ്യുകയായിരുന്ന അറ്റന്‍ഡറുടെ തോളത്ത് തട്ടി കാപ്പി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു അലക്‌സാണ്ടര്‍. തുടര്‍ന്ന് ഇയാള്‍ ഫസ്റ്റ് ക്ലാസ് ക്യാബിന് സമീപത്തെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. സ്വന്തം സീറ്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട ജീവനക്കാരനോട് ഇയാള്‍ മോശമായി പെരുമാറുകയും തുടര്‍ന്ന് പൈലറ്റിനെ വിവരം ധരിപ്പിക്കാന്‍ പോയ അറ്റന്‍ഡന്‍റിന്‍റെ പിന്നാലെ ഓടിച്ചെന്ന് ഇടിച്ചിടുകയും ചെയ്യുകയായിരുന്നു.
മര്‍ദനത്തിന്‍റെ വീഡിയോ വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അലക്‌സാണ്ടറിന് ആജീവനാന്ത വിമാന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ജീവനക്കാര്‍ക്കെതിരെ നടക്കുന്ന അക്രമമോ അധിക്ഷേപമോ ക്ഷമിക്കാനാകില്ലെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി. അലക്‌സാണ്ടറിനെ ഇനിയൊരിക്കലും തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല