സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ആക്രമിക്കപ്പെട്ട ക്രിസ്ത്യന്‍ പള്ളികള്‍ പുനര്‍നിര്‍മ്മിക്കാമെന്ന് മുസ്ലീം സംഘടകള്‍. പള്ളികളുടെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് ശേഖരണവും സംഘടനകള്‍ സജീവമാക്കി. അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരായ നടന്ന ആക്രമണത്തില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികളും നശിപ്പിക്കപ്പെട്ടിരുന്നു.
അമേരിക്കയിലെ വിവിധ സംഘടനകള്‍ ചേര്‍ന്നാണ് ആക്രമണത്തിനിരയായ ആഫ്രിക്കന്‍ വംശജരുടെ അമേരിക്കന്‍ ക്രിസ്ത്യന്‍ പള്ളികള്‍ പുനര്‍നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരെ ലക്ഷ്യം വെച്ചുള്ള വംശീയാതിക്രമങ്ങളില്‍ 8 പള്ളികള്‍ക്ക് കാര്യമായ കേടുപാടു സംഭവിച്ചിരുന്നു. പളളികള്‍ ആക്രമിക്കുകയും വെടിവെപ്പ് നടത്തുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
ജൂണ്‍ പതിനേഴ് മുതല്‍ തുടര്‍ച്ചയായി നടന്ന സംഭവങ്ങളില്‍ നിരവധി കറുത്ത വര്‍ഗക്കാര്‍ വെടിയേറ്റു മരിക്കുകയും പള്ളികള്‍ക്ക് തീവെക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വംശീയ വിരുദ്ധ മുസ്ലിം സഖ്യം, അറബ് അമേരിക്കന്‍ അസോസിയേഷന്‍ ന്യൂയോര്‍ക്ക് എന്നിവരുടെ ആഭിമുഖ്യത്തില്‍ പുതിയ തീരുമാനമുണ്ടായത്.
വിശുദ്ധ മാസമായ റമദാനില്‍ ഈ പ്രവൃത്തിക്ക് പ്രാധാന്യമേറെയുണ്ടെന്ന് ഭാരവാഹികള്‍ അല്‍ജസീറയോട് പറഞ്ഞു. അഞ്ച് ദിവസത്തിനിടെ ക്രിസ്ത്യന്‍ പള്ളി പുനര്‍ നിര്‍മാണത്തിനായി സംഘടനകളുടെ കൂട്ടായ്മ 20 ലക്ഷം രൂപ പിരിച്ചെടുത്തു. റമദാന്‍ അവസാനം വരെ തുടരുന്ന കാമ്പയിനൊടുവില്‍ ലഭിക്കുന്ന പണം ആതിക്രമത്തിനിരയായ ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ക്ക് കൈമാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല