സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരുടെ പള്ളിയില്‍ നടന്ന വെടിവപ്പില്‍ പാസ്റ്ററടക്കം ഒമ്പതു പേര് കൊല്ലപ്പെട്ടു. വെള്ളക്കാരനായ ആക്രമിയാണ് ആരാധന നടക്കുന്നതിനിടെ അപ്രതീക്ഷിതമായി വെടിവപ്പി നടത്തിയത്.
സൗത്ത് കാരലിന സംസ്ഥാനത്തില്‍ ഉള്‍പ്പെട്ട ചാള്‍സ്റ്റണ്‍ നഗരത്തിലെ ചരിത്ര പ്രാധാന്യമേറിയ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് പള്ളിയിലാണ് സംഭവം. ബുധനാഴ്ച വൈകിട്ടു പ്രാര്‍ഥനാ യോഗത്തിനിടെ വെള്ളക്കാരനായ യുവാവ് പാഞ്ഞു കയറി വെടിവക്കുകയായിരുന്നു. ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
വംശീയ വിദ്വേഷമാണു കൂട്ടക്കൊലക്കു കാരണമായതെന്നു പൊലീസ് സംശയം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ടവരില്‍ ആറുപേരും സ്ത്രീകളാണ്. മൂന്നുപേര്‍ രക്ഷപ്പെട്ടു. വെടിവപ്പിനുശേഷം പള്ളിപ്പരിസരത്തു ബോംബ് ഭീഷണി ഉയര്‍ന്നതോടെ ആളുകളെ പൊലീസ് ഒഴിപ്പിച്ചു.
കൊല്ലപ്പെട്ട പാസ്റ്റര്‍ ക്ലെമന്റ് പിങ്ക്നി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സൗത്ത് കാരലിന സെനറ്റര്‍കൂടിയാണ്. ബുധനാഴ്ച രാവിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സൗത്ത് കാരലിനയിലെത്തിയ ഹിലറി ക്ലിന്റനുമായി ക്ലെമന്റ് പിങ്ക്നി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏപ്രിലില്‍ സൗത്ത് കാരലിനയില്‍ ഒരു കറുത്ത വര്ഗക്കാരന് പൊലീസിന്റെ വെടിയേറ്റു മരിച്ചപ്പോള്‍ പിങ്ക്നി സജീവമായി പ്രക്ഷോഭ രംഗത്തുണ്ടായിരുന്നു. ജോലിസമയത്തു പൊലീസുകാര്‍ ശരീരത്തില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചതു ക്ലെമന്റ് പിങ്ക്നിയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല