1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2011

ചരിത്രത്തില്‍ എന്നും ഭരണ കൂടങ്ങല്‍ക്കെതിരെ നടന്ന സമരങ്ങളെ ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടേ ഉള്ളൂ, കുത്തകകളെ സംരക്ഷിക്കുന്ന സാമ്പത്തിക നയങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ തുടരുന്ന ‘പിടിച്ചെടുക്കല്‍ പ്രക്ഷോഭങ്ങള്‍’ അതുകൊണ്ട് തന്നെ ഭരണകൂടങ്ങള്‍ക്ക് തലവേദന ആകുകയും ഒടുവില്‍ അടിച്ചമര്‍ത്താന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ തുടക്കമിട്ട സമരത്തിന്റെ മാതൃകയില്‍ മറ്റു നഗരങ്ങളില്‍ ആരംഭിച്ച ‘പിടിച്ചെടുക്കല്‍ സമര’ ങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്നാണ് അധികൃതരുടെ തീരുമാനം. മഞ്ഞുകാലം ആരംഭിച്ചതോടെ സമരക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് നഗരഭരണകൂടങ്ങള്‍ ലക്ഷ്യമിടുന്നത്.

ഒറിഗോണ്‍ സംസ്ഥാനത്തെ പോര്‍ട്ട്‌ലന്‍ഡിലുള്ള സമരകേന്ദ്രത്തില്‍ നിന്ന് പ്രക്ഷോഭകരെ തുരത്താന്‍ നൂറുകണക്കിനു പോലീസുകാരാണ് അണിനിരന്നത്. ഒഴിഞ്ഞുപോവാന്‍ വിസമ്മതിച്ച സമരക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. സമരം തുടര്‍ന്നാല്‍ ആയുധങ്ങള്‍ ഉപയോഗിക്കേണ്ടിവരുമെന്ന് പോലീസ് സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമരകേന്ദ്രങ്ങള്‍ അരാജക പ്രവര്‍ത്തനങ്ങളുടെ താവളങ്ങളാവുന്നതായി ആരോപിച്ചാണ് നഗരഭരണകൂടം നടപടി ശക്തമാക്കുന്നത്.

യൂട്ടായിലെ സാള്‍ട്ട്‌ലേക്ക് സിറ്റിയില്‍ സമരം ചെയ്യുകയായിരുന്ന നൂറുകണക്കിന് പേരെ കഴിഞ്ഞ ദിവസം അധികൃതര്‍ ഒഴിപ്പിച്ചു. ഡെന്‍വറില്‍ സമരക്കാരുടെ കുടിലുകള്‍ പോലീസ് അടിച്ചുതകര്‍ത്തു. 17 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഫിലാഡല്‍ഫിയ നഗരത്തില്‍ പോലീസ് പട്രോളിങ് ശക്തിപ്പെടുത്താന്‍ മേയര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിട്ടുണ്ട്. പോലീസും സമരക്കാരും തമ്മില്‍ രൂക്ഷ ഏറ്റുമുട്ടലുണ്ടായ ഓക് ലന്‍ഡിലെ സമരകേന്ദ്രത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ നഗരഭരണകൂടം മൂന്നാമത് നോട്ടീസ് അയച്ചു. സെന്റ് ലൂയിസ് മേയറും സമരക്കാര്‍ക്ക് ക്യാമ്പ് അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.