സ്വന്തം ലേഖകന്‍: വൈറ്റ്ഹൗസിലെ വാര്‍ത്താ മുറിയില്‍ യുഎസ് സര്‍ക്കാരിന്റെ ശബ്ദമായി ഇന്ത്യന്‍ വംശജന്‍; അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് അഭിമാന നിമിഷം. മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ അമേരിക്കന്‍ നയം വ്യക്തമാക്കി മുപ്പത്തിമൂന്നുകാരനായ രാജ് ഷായാണ് വാര്‍ത്തയിലെ താരമായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായ രാജ് ഷാ വൈറ്റ്ഹൗസിലെ മാധ്യമപ്രതിനിധികള്‍ക്ക് മുന്നിലാണ് യുഎസ് നയം വിശദീകരിച്ചത്.
ട്രംപിന്റെ പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സിന്റെ അഭാവത്തിലാണ് രാജ് ഷാ നയം വിശദീകരിക്കാനെത്തിയത്. സെപ്റ്റംബറിലാണ് രാജ് ഷാ ട്രംപിന്റെ പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിതനായത്. രാജ് ഷായ്‌ക്കൊപ്പം ജോലി ചെയ്യുന്നതില്‍ അഭിമാനമുണ്ട്. ട്രംപ് ഭരണകൂടത്തിലെ മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളാണദ്ദേഹം – വൈറ്റ്ഹൗസിലെ പ്രശസ്തമായ ജെയിംസ് എസ് ബ്രാഡി വാര്‍ത്താസമ്മേളന മുറിയില്‍ രാജ് ഷായുടെ അരങ്ങേറ്റത്തിനു മുന്നോടിയായി സാറ സാന്‍ഡേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.
വൈറ്റ് ഹൗസ് സ്റ്റാഫ് സെക്രട്ടറി റോബ് പോര്‍ട്ടറുടെ രാജിയുമായി ബന്ധപ്പെട്ട വിവരമാണ് രാജ് ഷാ മാധ്യമപ്രവര്‍ത്തകരോട് ആദ്യം വിശദീകരിച്ചത്. ഗുജറാത്തില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ് ഷായുടെ മാതാപിതാക്കള്‍. തിരഞ്ഞെടുപ്പു വേളയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു വേണ്ടി ഹിലരി ക്ലിന്റന്‍ വിരുദ്ധ പ്രചാരണത്തിനു മുന്‍നിരയില്‍ നിന്നയാള്‍ കൂടിയാണ് രാജ് ഷാ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല