മാന്ദ്യത്തിന്റെ പടുകുഴിയില്‍ നിന്നും കര കയറുന്നുവെന്ന പ്രതീക്ഷകള്‍ കെടുത്തിക്കൊണ്ട് അമേരിക്കന്‍ എക്കോണമി വീണ്ടും തകരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ .1940 -ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച ആസന്നമെന്ന വാര്‍ത്ത പരന്നതോടെ ഇന്ത്യയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങളിലെ ഷെയര്‍ മാര്‍ക്കറ്റുകള്‍ ഇന്നലെ വലിയ നഷ്ട്ടത്തില്‍ ക്ലോസ് ചെയ്തു.ഇന്നലെ ഒരു ദിവസം കൊണ്ട് UK ഷെയര്‍ മാര്‍ക്കറ്റില്‍ നഷ്ട്ടമായത് 32000 മില്ല്യന്‍ പൌണ്ടാണ്.അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്ന റിപ്പോര്‍ട്ടാണ് മാര്‍ക്കറ്റില്‍ പരിഭ്രാന്തി പരത്തിയത്.
അനുദിനം കൂടിക്കൊണ്ടിരിക്കുന്ന കടബാധ്യതയാണ് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കാന്‍ കാരണമാകുന്നത്.കടം കുറയ്ക്കാന്‍ ഒബാമ സര്‍ക്കാര്‍ തലത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും വിദഗ്ദര്‍ കുറ്റപ്പെടുത്തുന്നു.റിപ്പോര്‍ട്ട് പ്രകാരം ക്രെഡിറ്റ് റേറ്റിംഗ് കുറച്ചാല്‍ കടം തിരിച്ചു നല്‍കുന്നതിനുള്ള അമേരിക്കയുടെ വിശ്വാസ്യത ബ്രിട്ടനെയും ഡെന്മാര്ക്കിനെയുംകാള് പിന്നിലാവും.ഇപ്പോള്‍ അമേരിക്കയ്ക്ക് ഉള്ള AAA ക്രെഡിറ്റ് റേറ്റിംഗ് രണ്ടു വര്‍ഷത്തിനുള്ളില്‍ കുറയാന്‍ മൂന്നിലൊന്ന് സാധ്യതയുണ്ടെന്നാണ് റേറ്റിംഗ് എജെന്സിയായ Standard and Poor പറയുന്നത്.
ബ്രിട്ടനില്‍ നടപ്പിലാക്കിയ ചെലവു ചുരുക്കല്‍ മാര്‍ഗങ്ങളെ എജെന്സി പ്രശംസിച്ചു.ബ്രിട്ടിഷ് ചാന്‍സലര്‍ ജോര്‍ജ് ഒസ്ബോനിന്റെ മാതൃക അമേരിക്ക പിന്തുടരാന് എജെന്സി നിര്‍ദേശിച്ചു.നയങ്ങള്‍ കടുത്തതായിരിക്കാം;പക്ഷെ വേറെ മാര്‍ഗമില്ലെന്നു മനസിലാക്കാന്‍ എജെന്സി നിര്‍ദേശിച്ചു. സാമ്പത്തിക മാന്ദ്യമുണ്ടായി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അമേരിക്ക ഇനിയും തിരിച്ചു വരവിന്റെ പാതയില്‍ എത്തിയിട്ടില്ല.സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താന്‍ ശരിയായ നയങ്ങളും സര്‍ക്കാരിനില്ല.ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഒബാമ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തില്‍ ആയിരിക്കുകയാണ്. ടാക്സ് വര്‍ധിപ്പിക്കുകയല്ലാതെ സര്‍ക്കാരിനു മുന്പില് മറ്റു മാര്‍ഗങ്ങളില്ല എന്നാണ് വിദഗ്ദര്‍ പറയുന്നത്.
US മോഹങ്ങള്‍ നെഞ്ചിലേറ്റുന്ന മലയാളികള്‍ക്കും ഈ റിപ്പോര്‍ട്ട് തിരിച്ചടിയായി.അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉണര്‍വിന്റെ പാതയില്‍ ആയിരുന്നുവെന്നും താമസിയാതെ വിസ നയങ്ങളില്‍ ഒബാമ സര്‍ക്കാര്‍ ഇളവു വരുത്തിയെക്കുമെന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.എന്നാല്‍ കടക്കെണിയില്‍ നിന്നും പൂര്‍ണമായി കര കയറാതെ ഇളവുകളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കണ്ട.പഴയ പ്രതാപത്തിലേക്ക് അമേരിക്കയെതാന് ദശാബ്ദങ്ങള്‍ എടുക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.ഒരു പക്ഷെ അമേരിക്കയുടെ പ്രതാപവും മലയാളിയുടെ കുടിയേറ്റവും ഒരു സ്വപ്നമായി അവശേഷിച്ചേക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല