ഭീകരസംഘടനയായ ഹഖാനി ഗ്രൂപ്പിനെതിരെ പാകിസ്താന്‍ നടപടി എടുത്തില്ലെങ്കില്‍ ഉസാമ ബിന്‍ ലാദന്റെ കാര്യത്തില്‍ ചെയ്തതുപോലെ സ്വന്തം നിലയില്‍ ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്താനില്‍ അമേരിക്ക നടത്തുന്ന യുദ്ധത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഹഖാനി ഗ്രൂപ്പിന് പാകിസ്താന്‍ താവളമൊരുക്കുന്നു എന്നതാണ് പ്രശ്‌നമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെ. കാര്‍ണി പറഞ്ഞു.
”പാകിസ്താനുമായുള്ള യു.എസ്. ബന്ധം ഒരേസമയം സങ്കീര്‍ണവും പ്രധാനവുമാണ്. ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ പാകിസ്താന്‍ പ്രധാന പങ്കാളിയായിരുന്നു. യുദ്ധം തുടരുകയാണ്. പാകിസ്താന്റെ സഹകരണം തുടര്‍ന്നുമുണ്ടാവുമെന്നാണ് പ്രതീക്ഷ”- കാര്‍ണി അഭിപ്രായപ്പെട്ടു. അതിനിടെ, പാക് ഗോത്രമേഖലയില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
തെക്കന്‍ വസീരിസ്താനിലെ ബിര്‍മല്‍ മേഖലയിലെ വീട് ലക്ഷ്യമാക്കിയാണ് വെള്ളിയാഴ്ച ആക്രമണം നടത്തിയത്. യു.എസ്. ചാരസംഘടനയായ സി.ഐ.എ.യുടെ മേല്‍നോട്ടത്തില്‍ പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തുന്ന വ്യോമാക്രമണങ്ങളെ പാകിസ്താന്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഉസാമാവധത്തിന് ശേഷം മാത്രം 30 തവണ ഈ മേഖലയില്‍ അമേരിക്ക ആക്രമണം നടത്തിയിട്ടുണ്ട്.
അതിനിടെ, ഹഖാനി ഭീകരഗ്രൂപ്പുമായി ബന്ധമുള്ള അഞ്ച് പേരെ അമേരിക്കയുടെ ട്രഷറി വകുപ്പ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അഫ്ഗാനിസ്താനിലും പാകിസ്താനിലും പ്രവര്‍ത്തിക്കുന്ന ഏറ്റവും അപകടകാരിയായ ഭീകരസംഘടനയുമായി ബന്ധമുള്ളവരെന്നാണ് ഇവരെ അമേരിക്ക വിശേഷിപ്പിച്ചത്. ഹഖാനി ഗ്രൂപ്പിന്റെ മുഖ്യ കമാന്‍ഡര്‍ എന്ന് ട്രഷറി വകുപ്പ് വിശേഷിപ്പിച്ച അബ്ദുള്‍ അസീസ് അബ്ബാസിന്‍, ഹാജി ഫൈസലുള്ള ഖാന്‍ നൂര്‍സായി, ഹാജി മാലിക് നൂര്‍സായി, അബ്ദുര്‍ റഹ്മാന്‍, ഫസല്‍ റഹിം എന്നിവരെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പാക് രഹസ്യാന്വേഷണ സംഘടനയായ ഐ.എസ്.ഐ.ക്ക് ഹഖാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ഐ.എസ്.ഐ. മേധാവി ഷുജ പാഷ കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിഷേധിച്ചു. എന്നാല്‍ ഐ.എസ്.ഐ.ക്കെതിരെ ഇത്തരമാരോപണം ഉന്നയിക്കാന്‍ കാരണമായ ചില വസ്തുതകളുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ പി.എം.എല്‍.എന്നിന്റെ നേതാവ് നവാസ് ഷെരീഫ് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച എല്ലാ വിഷയങ്ങളും പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല