സ്വന്തം ലേഖകന്‍: രണ്ടും കൈയ്യും ഇല്ലെങ്കിലെന്താ? വികലാംഗ ക്രിക്കറ്റ് ലോകത്ത് സൂപ്പര്‍താരമായ അമീര്‍ ഹുസൈന്‍ ചോദിക്കുന്നു, വിധിയെ തോല്‍പ്പിച്ച അമീറിന്റെ കഥ. ഇന്ത്യന്‍ താരം പര്‍വീസ് റസൂലിനെ പോലെ ആയിത്തീരാന്‍ ആഗ്രഹിച്ച 26 കാരനായ ഈ ജമ്മു കശ്മീര്‍ സ്വദേശിക്കായി വിധി കരുതി വച്ചത് മറ്റൊന്നായിരിന്നു. ബാറ്റ് നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പിതാവിനൊപ്പം സോമില്ലില്‍ ജോലി ചെയ്യുമ്പോള്‍ എട്ടാം വയസില്‍ അമീറിന്റെ രണ്ടു കയ്യും ഒരപകടത്തില്‍ അറ്റു പോയി. എന്നാല്‍ രണ്ടു കൈകളും ഇല്ലാതായ ഇയാള്‍ സ്വന്തം വിധിയെ പഴിക്കാന്‍ മെനക്കെടാതെ തന്റെ സ്വപ്നങ്ങളുമായി മുന്നോട്ട് പോകുകയും കഠിനമായി അദ്ധ്വാനിക്കുകയും ചെയ്തു. കാല്‍ കൊണ്ട് നന്നായി ബൗള്‍ ചെയ്യുകയും കഴൂത്തും തോളും ഉയോഗിച്ച് ബാറ്റ് ചെയ്യുകയും ചെയ്യുന്ന അമീര്‍ ജമ്മു കശ്മീര്‍ വികലാംഗ ക്രിക്കറ്റ് ടീമിന്റെ നായകനാണ്. ജീവിതം നല്‍കിയ വൈകല്യം മൂലം ഒട്ടനേകം പ്രതിസന്ധി നേരിട്ട അമീറിനെ തുടക്കത്തില്‍ മറ്റുള്ളവര്‍ തമാശയായും കളിയായും കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. പിതാവിനൊപ്പം സോമില്ലില്‍ ജോലി ചെയ്യുമ്പോള്‍ യന്ത്രങ്ങളുമായി കളിക്കുമായിരുന്നു. ഒരുദിവസം കൈകള്‍ മെഷീനില്‍ കുടുങ്ങിപ്പോയി. മൂന്ന് വര്‍ഷം നീണ്ട ചികിത്സയ്ക്ക് വേണ്ടി മില്ല് വില്‍ക്കേണ്ടി വരെ വന്നു. അമീറിന് വേണ്ടി പണം ചെലവാക്കിയിട്ട് കാര്യമില്ലെന്ന് പോലും ആള്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ പിതാവ് ബാഷിര്‍ അതൊന്നും ചെവി കൊണ്ടില്ല. ശരീരം പോലെ കരുതുന്ന മകനില്ലെങ്കില്‍ പിന്നെന്തിനാണ് തനിക്ക് ധനമെന്നായിരുന്നു ബാഷിറിന്റെ ചോദ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല