സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദം, അമീര്‍ ഖാനുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് സ്‌നാപ് ഡീല്‍ തീരുമാനം. അമീര്‍ നടത്തിയ അസഹിഷ്ണുത പ്രസ്താവനയുടേയും തുടര്‍ന്നുണ്ടായ വിവാദ കോലാഹലങ്ങളുടേയും പശ്ചാത്തലത്തിലാണ് നടപടി.
ജനുവരി 31 ന് അവസാനിച്ച കരാര്‍ പുതുക്കേണ്ടന്ന് കമ്പനി തീരുമാനിച്ചു. അമീറിന്റെ പ്രസ്താവന കമ്പനിയെ ദോഷകരമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ കരാര്‍ പുതുക്കേണ്ടന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വിവാദ പ്രസ്താവനയെ തുടര്‍ന്ന് അമീര്‍ അഭിനയിച്ച പരസ്യങ്ങള്‍ സ്‌നാപ്ഡീല്‍ പിന്‍വലിച്ചിരുന്നു. അമീറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സ്‌നാപ്ഡീലിനെതിരെയും പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്.
നിരവധി പേര്‍ സ്‌നാപ്ഡീലിന്റെ ആപ് ഫോണുകളില്‍ നിന്ന് മായ്ച്ചു കളഞ്ഞാണ് പ്രതിഷേധിച്ചത്. അമീറിനെ പിന്‍വലിച്ച സാഹചര്യത്തില്‍ ആരായിരിക്കും പുതിയ ബ്രാന്‍ഡ് അംബാസഡര്‍ എന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ വ്യാപകമാണ്.
എന്നാല്‍ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ സ്‌നാപ്ഡീലോ അമീറോ ഇതുവരെ രംഗത്തെത്തിയില്ല. നേരത്തെ ഇന്‍ക്രഡിബിള്‍ ഇന്ത്യ പരസ്യങ്ങളില്‍ നിന്നും അമീറിനെ ഒഴിവാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല