സ്വന്തം ലേഖകൻ: സൗദി തലസ്ഥാനമായ റിയാദ് കഴിഞ്ഞദിവസം അപൂര്‍വസംഗമത്തിന് വേദിയായി. ഫുട്ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം ഒരു ഫ്രെയിമില്‍ ബോളിവുഡിന്റെ സ്വന്തം ‘ബിഗ് ബി’ അമിതാഭ് ബച്ചനുമെത്തി. സാക്ഷിയായി നെയ്മറും എംബാപ്പെയും.
റിയാദില്‍ വെള്ളിയാഴ്ചനടന്ന പി.എസ്.ജി.- റിയാദ് ഓള്‍സ്റ്റാര്‍ ഇലവന്‍ സൗഹൃദമത്സരത്തില്‍ അതിഥിയായെത്തിയ ബച്ചന്‍ മത്സരത്തിന് തൊട്ടുമുമ്പാണ് ഇരുവരെയും കണ്ടത്. കിങ് ഫഹദ് അന്താരാഷ്ട്രസ്റ്റേഡിയത്തില്‍ നടന്ന അപൂര്‍വസംഗമത്തിന്റെ വീഡിയോ ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
”റിയാദിലെ ഈ സായാഹ്നം, ഇതെന്തൊരു മുഹൂര്‍ത്തമാണ്. റൊണാള്‍ഡോയും മെസ്സിയും എംബാപ്പെയും നെയ്മറും ഒരുമിച്ചുകളിക്കുന്നു. വിലമതിക്കാനാകാത്ത ഈ മത്സരത്തില്‍ അതിഥിയായി ഞാനും” -റൊണാള്‍ഡോയ്ക്കും മെസ്സിക്കും ഹസ്തദാനം നല്‍കി ബച്ചന്‍, ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു.
അതിനിടെ അമിതാഭ് ബച്ചന് സൗദി അറേബ്യ ‘ജോയ് അവാർഡ്’ സമ്മാനിച്ചു. വിവിധ രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കാൻ സൗദി ജനറൽ എൻറർടൈമെൻറ് അതോറിറ്റി എം.ബി.സി ഗ്രൂപ്പുമായി സഹകരിച്ച് ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണത്തിന്‍റെ മൂന്നാം പതിപ്പിനായിരുന്നു ശനിയാഴ്ച രാത്രി റിയാദ് ബോളിവാഡ് സിറ്റിയിലെ ബക്കർ അൽ ഷെദ്ദി തിയറ്റർ വേദിയായത്. ചലച്ചിത്ര രംഗത്തെ ആജീവനാന്ത സമഗ്ര സംഭാവനക്കുള്ള ജോയ് അവാർഡാണ് ബോളിവുഡിന്‍റെ സ്വന്തം ബിഗ് ബി ഏറ്റുവാങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല