സ്വന്തം ലേഖകന്‍: ദിലീപ് വിഷയത്തില്‍ അമ്മയുടെ നയം വ്യക്തമാക്കി മോഹന്‍ലാല്‍; വിഷയം ഡബ്ല്യുസിസിയുമായി ചര്‍ച്ച ചെയ്യും. ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ഇന്നു ചേര്‍ന്നത് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗമല്ല. എക്‌സിക്യൂട്ടീവ് ചേര്‍ന്നശേഷം ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തും. ജനറല്‍ ബോഡിയില്‍ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്.
ദിലീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. ജനറല്‍ ബോഡി യോഗത്തില്‍ ആരും ഈ അഭിപ്രായത്തിന് എതിരായി ഒന്നും പറഞ്ഞില്ല. ആര്‍ക്കുവേണമെങ്കിലും അഭിപ്രായം പറയാം. പക്ഷേ ആരും അതിനെതിരെ പറഞ്ഞില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.ജനറല്‍ ബോഡിക്കുശേഷം മാധ്യമങ്ങളെ കാണേണ്ടതായിരുന്നു. യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്തത് തെറ്റാണ്. ദിലീപിനെ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്നു പറയുന്നവര്‍ക്ക് യോഗത്തില്‍ വന്ന് ഇക്കാര്യം ഉന്നയിക്കാമായിരുന്നു.
ഒരാളെങ്കിലും ഇക്കാര്യം ഉന്നയിച്ചെങ്കില്‍ തിരുത്തുമായിരുന്നു. ദിലീപ് ഇപ്പോഴും അമ്മയ്ക്കു പുറത്താണ്. പുറത്താക്കാന്‍ അന്ന് എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കില്ല. അതിനാല്‍ ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ഉന്നയിക്കപ്പെട്ടു. അപ്പോള്‍ ആരും എതിരു പറഞ്ഞിട്ടില്ല. വിവാദങ്ങളെത്തുടര്‍ന്നു ദിലീപ് സംഘടനയിലേക്കു വരുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ കാര്‍മേഘമെല്ലാം മാറി ദിലീപ് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാല്‍ അദ്ദേഹത്തിനു തിരിച്ചുവരാം. ആ പെണ്‍കുട്ടിയും കുറ്റാരോപിതനും ഞങ്ങളുടെ സംഘടനയുടെ ഭാഗമാണ്. സത്യാവസ്ഥ തെളിയണം.
ഡബ്ല്യുസിസിയുടെ ഭാഗമായ നാലു പേരില്‍ രണ്ടുപേര്‍ മാത്രമേ രാജി വച്ചുള്ളൂ, ഭാവനയും രമ്യ നമ്പീശനും മാത്രമാണ് സംഘടനയ്ക്കു രാജിക്കത്ത് നല്‍കിയത്. ബാക്കി രണ്ടുപേരുടെ കത്ത് ഇന്ന് 11.30 വരെ ലഭിച്ചിട്ടില്ല. രാജി വച്ചവര്‍ തിരിച്ചുവന്നാല്‍ അതു അമ്മ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും. അവരെന്തുകൊണ്ട് രാജി വച്ചെന്നു വിശദീകരിക്കേണ്ടവരും. ഞങ്ങളുടേത് 487 പേരുടെ സംഘടനയാണല്ലോ. ദിലീപ് അവസരങ്ങള്‍ തടഞ്ഞുവെന്ന ആരോപണം നടി പരാതിയായി ഇതുവരെ കത്തു നല്‍കിയിട്ടില്ല. പുരുഷമേധാവിത്വം എന്നു പറയരുത്. അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സംഘടനയ്ക്ക് അകത്തു പറയാം. പുറത്തു പറഞ്ഞിട്ടു ഞങ്ങള്‍ക്ക് സംഘടനയ്ക്ക് അകത്തു പറയാനാകില്ലെന്നു പറഞ്ഞിട്ട് എന്തു കാര്യം?.
നിഷ സാരംഗിന്റെ വിഷയത്തില്‍ അമ്മ അവര്‍ക്കൊപ്പം തന്നെയാണ്. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ചിരുന്നു മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മ മഴവില്‍ ഷോയിലെ സ്‌കിറ്റിനെക്കുറിച്ചുയര്‍ന്ന ആരോപണങ്ങളിലും മോഹന്‍ലാല്‍ പ്രതികരിച്ചു. അമ്മയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍തന്നെയാണ് ആ സ്‌കിറ്റ് തയാറാക്കിയത്. ആരെയും അവഹേളിക്കാനായി ചെയ്തതല്ല. ഈയൊരു വിഷയം വന്നപ്പോള്‍ മാത്രമാണു സ്‌കിറ്റിനെക്കുറിച്ച് പരാതി ഉയര്‍ന്നത്. ബ്ലാക് ഹ്യൂമര്‍ എന്ന രീതിയില്‍ ആ സ്‌കിറ്റിനെ കണ്ടാല്‍ മതി. ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടവരും അമ്മ മഴവില്‍ ഷോയില്‍ പാട്ടുപാടാനും മറ്റുമായി വന്നിരുന്നു.
സംഘടനയിലെ മഞ്ഞുരുകണം. അതിനു മാധ്യമപ്രവര്‍ത്തകര്‍ സഹായിക്കണം. ജനറല്‍ ബോഡിയില്‍ വന്ന് പാര്‍വതിക്കു മല്‍സരിക്കണമെന്നു പറയാമായിരുന്നു. ആര്‍ക്കും സംഘടനയുടെ ഭാരവാഹിയാകാം. ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോഴും വരാം. ഇതു വളരെ ചെറിയ സംഘടനയാണ്. 248 പുരുഷന്‍മാരും 236 സ്ത്രീകളുമാണ് ഈ സംഘടനയിലുള്ളത്. 133 പേര്‍ക്ക് മാര്‍ 5000 രൂപ വച്ച് കൈനീട്ടം നല്‍കുന്നുണ്ട്. 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. സംഘടനയുടെ പുറത്തുള്ളവര്‍ക്കും നിരവധി സഹായങ്ങള്‍ ചെയ്യുന്നുണ്ട്. അക്ഷര വീടെന്ന പേരില്‍ 51 പേര്‍ക്കു വീടുവച്ചു നല്‍കുന്നുണ്ട്. ഇത്രയും കാര്യങ്ങള്‍ ചെയ്യുന്ന ഒരു സംഘടന ഒരിക്കലും പിരിച്ചു വിടാന്‍ പാടില്ല. ആരുമറിയാതെ വളരെയധികം സഹായങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഇതുപോലൊരു താരസംഘടനയില്ല.
തിലകന്‍ ചേട്ടനുമായി നല്ല സൗഹൃദമുണ്ടായിരുന്നു. അദ്ദേഹത്തെ പല രീതിയിലും സഹായിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന വ്യക്തി ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. അതോടൊപ്പം നടനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ട്, അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടേ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല