1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2024

സ്വന്തം ലേഖകൻ: ആഴ്ചകൾ നീണ്ട മൗനത്തിന് ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മമ്മൂട്ടി. സിനിമയില്‍ ശക്തി കേന്ദ്രമില്ലെന്നാണ് മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ എന്നതാണ് മമ്മൂട്ടിയുടെ വാദം.

സമാനമായ നിലപാടായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട മോഹന്‍ലാലും സ്വീകരിച്ചത്. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണം. ആത്യന്തികമായി സിനിമ നിലനില്‍ക്കണം എന്നും മമ്മൂട്ടി പറഞ്ഞു

അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയത്.

റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാ?ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്തുനില്‌കേണ്ട സമയമാണിത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. എന്നും മമ്മൂട്ടി പറയുന്നു.

അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന പൊട്ടിത്തെറികളില്‍ സിനിമ സംഘടനകളില്‍ ഭിന്നത കടുക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളും അതിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും പ്രബല സിനിമ സംഘടനകളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ഇടയാക്കിയത് സംഘടനകളിലെ തന്നെ ചിലരുടെ നിലപാടുകളും പ്രതികരണങ്ങളുമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയിലെ മറ്റ് സംഘടനകളും ഒരുമിച്ച് മാധ്യമങ്ങളെ കാണാനുള്ള നീക്കം പാളിയത് ജഗദീഷിന്റെ പ്രതികരണമാണെന്നാണ് താരസംഘടനയില്‍നിന്ന് പോലും ഉയരുന്ന വിമര്‍ശനം. ഭരണ സമിതിയിലുള്ള അംഗം തന്നെ ഇത്തരം ഒരു നിലപാട് സ്വീകരിച്ചതാണ് മോഹന്‍ലാലിന്റ രാജിയിലേക്കും ഭരണ സമിതി പിരിച്ചുവിടുന്നതിലേക്കും നയിച്ചതെന്നും അമ്മയിലെ അംഗങ്ങള്‍ തന്നെ പറയുന്നു.

അതേസമയം താരങ്ങള്‍ക്കെതിരായ പീഡന പരാതിയില്‍ എഎംഎംഎ ഓഫീസില്‍ വീണ്ടും പരിശോധന. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്. ഇടവേള ബാബുവിനെതിരായ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം എത്തിയതെന്നാണ് വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.