സ്വന്തം ലേഖകൻ: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിനോട് 9 ചോദ്യങ്ങളുമായി ഗണേഷ് കുമാർ എംഎൽഎ. മോഹൻലാലിന് അയച്ച കത്തും ഗണേഷ് പുറത്തുവിട്ടു. മുൻപ് അയച്ച കത്തുകൾക്കൊന്നും മറുപടി ലഭിച്ചിട്ടില്ലെന്നും ഗണേഷ് പറഞ്ഞു.
ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ? ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ ‘അമ്മ’ അപലപിക്കാൻ തയാറാകുമോ? ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ച ചെയ്ത ദിവസം ഞാൻ ‘അമ്മ’ യോഗത്തിൽ ഉണ്ടായിരുന്നു. പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം അമ്മയുടെ നയമാണോ? ‘അമ്മ’ ക്ലബ് ആണെന്നു പറയുമ്പോൾ മിണ്ടാതിരിക്കുന്നത് ലജ്ജാകരമല്ലേ? ‘അമ്മ’ ക്ലബ് ആണെന്നു പറയുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറിയായി തുടരാൻ യോഗ്യനാണോ? അംഗത്വ ഫീസ് 2,05,000 ആയി ഉയർത്തിയത് എന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് ഗണേഷ് ഉന്നയിച്ചിരിക്കുന്നത്.
കത്തിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ:
പ്രസിഡന്റിനോട് ഒൻപത് ചോദ്യങ്ങൾ:
ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ?
ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ ‘അമ്മ’ അപലപിക്കാൻ തയാറാകുമോ?
കോടതി കുറ്റവിമുക്തയാക്കിയ പ്രിയങ്ക എന്ന നടിയെക്കുറിച്ച് ദുസ്സൂചനയോടെയുള്ള ഇടവേള ബാബുവിന്റെ പരാമർശത്തിന് ‘അമ്മ’യുടെ പിന്തുണയുണ്ടോ?
ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ചചെയ്ത ദിവസം ഞാൻ ‘അമ്മ’ യോഗത്തിൽ ഉണ്ടായിരുന്നോ? പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം ‘അമ്മ’യുടെ നയമാണോ?
‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ കുറ്റാരോപിതനായ വ്യക്തിയിൽനിന്നു പ്രതിഫലം പറ്റിക്കൊണ്ട് കുറ്റാരോപിതനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം ഗൗരവം അല്ലേ?
‘അമ്മ’യുടെ അംഗത്വ ഫീസ് രണ്ട് ലക്ഷത്തി അയ്യായിരം രൂപയായി ഉയർത്തിയത് എന്തിന്?
‘അമ്മ’ ക്ലബ്ബ് ആണെന്നു പറയുമ്പോൾ അങ്ങ് മിണ്ടാതിരിക്കുന്നത് ലജ്ജാകരം അല്ലേ?
‘അമ്മ’ ക്ലബ്ബ് ആണെന്ന് ആവർത്തിച്ചു പറയുന്ന ഇടവേള ബാബു സംഘടനയുടെ ജനറൽ സെക്രട്ടറിയായി തുടരാൻ യോഗ്യനാണോ?
‘അമ്മ’യുടെ യുട്യൂബ് ചാനലിൽ വിജയ് ബാബുവിന്റെ മാസ്സ് എൻട്രി എന്ന പേരിൽ വിഡിയോ പ്രചരിപ്പിക്കാൻ ഉണ്ടായ കാരണമെന്ത്?
മുൻപ് അയച്ച കത്തുകൾക്കൊന്നും മറുപടി കിട്ടിയിട്ടില്ല. ഇത് അങ്ങനെയാവില്ല എന്നു കരുതുന്നു. ‘അമ്മ’യിലെ പ്രശ്നങ്ങൾ പലരും തുറന്നുപറയാൻ മടിക്കുന്നത് സിനിമയിലെ അവസരങ്ങളും കൈനീട്ടവും ഉൾപ്പെടെയുള്ള വ്യക്തിഗതാനുകൂല്യങ്ങൾ നഷ്ടമാകുമെന്ന് കരുതിയാണ്.
‘അമ്മ’ നേതൃത്വത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന ഏകാധിപത്യ ശക്തികളോട് കടുത്ത പ്രതിഷേധമുള്ളവരുടെ ശബ്ദമാകാൻ ഞാൻ തയാർ.
എനിക്ക് ഭയമില്ല, എനിക്ക് ആരുമായും വ്യക്തിപരമായ എതിർപ്പോ വിദ്വേഷമോ ഇല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ‘അമ്മ’യിലെയും ആത്മയിലെയും സഹപ്രവർത്തകരോട് വിജയ് ബാബുവിന് വേണ്ടി വോട്ട് അഭ്യർഥിക്കുകയും ഞാൻ വോട്ട് ചെയ്യുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല