സ്വന്തം ലേഖകൻ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഉയർന്ന ലൈംഗികാരോപണങ്ങൾക്കു പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് നിർണായകമായ തീരുമാനം. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ 17 അംഗ ഭരണസമിതി പിരിച്ചുവിട്ടു.
പ്രസിഡന്റ് മോഹൻലാൽ, വൈസ് പ്രസിഡന്റ് ജയൻ ചേർത്തല, വൈസ് പ്രസിഡന്റ് ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അൻസിബ ഹസൻ, സരയു, വിനു മോഹൻ, ടിനി ടോം, അനന്യ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോമോൾ, ജോയ് മാത്യു, ടൊവിനോ തോമസ് എന്നിവരാണ് അമ്മയിൽ നിന്നും രാജിവച്ചത്.
“ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ- ദൃശ്യ – അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’ സംഘടനയിലെ ഭരണസിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും.
‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും,” അമ്മ സംഘടന പത്രകുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ലൈംഗികാരോപണം നേരിട്ട സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഈ കൂട്ടരാജി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല