സ്വന്തം ലേഖകൻ: ചൊവ്വാഴ്ച അവസാനിച്ച റസിഡന്‍സി നിയമ ലംഘകര്‍ക്കുള്ള യുഎഇ പൊതുമാപ്പ് ദുബായിലെ 2.36 ലക്ഷം പ്രവാസികള്‍ പ്രയോജനപ്പെടുത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. 15,000 ത്തിലധികം ഇന്ത്യക്കാര്‍ക്ക് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി എത്തിയതായി കോണ്‍സുലേറ്റ് അധികൃതരും അറിയിച്ചു.
ഇവരില്‍ 2,117 ഇന്ത്യക്കാര്‍ യുഎഇയില്‍ തുടരാനും 3,700 പേര്‍ക്ക് രാജ്യം വിടുന്നതിനുള്ള എക്സിറ്റ് പേപ്പര്‍ നല്‍കിയതായും കോണ്‍സുലേറ്റ് വ്യക്തമാക്കി.
നാലു മാസമാണ് യുഎഇ വീസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് നല്‍കിയത്. ആദ്യം ഒക്ടോബര്‍ അവസാനം വരെയായിരുന്നു കാലാവധി അനുവദിച്ചിരുന്നതെങ്കിലും ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ എത്തുന്നവരുടെ തിരക്ക് പരിഗണിച്ച് രണ്ടു മാസത്തേക്കു കൂടി നീട്ടിനല്‍കുകയായിരുന്നു. ഇതുപ്രകാരം ഡിസംബര്‍ 31ന് ചൊവ്വാഴ്ചയാണ് പൊതുമാപ്പ് കാലാവധി അവാനിച്ചത്.
യുഎഇ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് ഒന്നുകില്‍ രാജ്യം വിടാനോ അവരുടെ പദവി നിയമവിധേയമാക്കിയ ശേഷം രാജ്യത്ത് തുടരാനോ അവസരം നല്‍കുന്നതായിരുന്നു പൊതുമാപ്പ്. വിവിധ ഇന്ത്യന്‍ പ്രാവീസ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് ഇന്ത്യക്കാരായ 15,000 ത്തിലധികം റസിഡന്‍സി നിയമ ലംഘകര്‍ക്ക് ദുബായ് കോണ്‍സുലേറ്റ് സേവനങ്ങള്‍ നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.
പൊതുമാപ്പുമായി ബന്ധപ്പെട്ട് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലും അല്‍ അവീര്‍ ആംനസ്റ്റി സെൻ്ററിലും സൗജന്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫെസിലിറ്റേഷന്‍ സെൻ്ററുകള്‍ ആരംഭിച്ചിരുന്നു. യുഎഇ വീസ പൊതുമാപ്പ് സംരംഭത്തിൻ്റെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ സഹായകരമായതായി കോണ്‍സുലേറ്റ് അറിയിച്ചു.
28 വര്‍ഷം നിയമവിരുദ്ധമായ ദുബായില്‍ താമസിച്ചതിന് 8.78 ലക്ഷം ദിര്‍ഹം പിഴ നല്‍കേണ്ടിയിരുന്ന ഒരു ഇന്ത്യന്‍ പ്രവാസിയുടെ മുഴുവന്‍ പിഴയും പൊതുമാപ്പ് കാരണം ഒഴിവാക്കിനല്‍കിയതായി അധികൃതര്‍ അറിയിച്ചു. അങ്ങിനെ 28 കൊല്ലത്തിന് ശേഷമാണ് 66 വയസ്സുള്ള ഇന്ത്യന്‍ പ്രവാസിക്ക് സ്വന്തം നാട്ടിലേക്ക് പോകാനായത്.
പൊതുമാപ്പ് സേവനങ്ങളുടെ ഭാഗമായി വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകളുടെ പങ്കാളിത്തത്തോടെ, 2,117 പാസ്പോര്‍ട്ടുകള്‍, 3,589 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍, 3,700 ലധികം എക്സിറ്റ് പെര്‍മിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ ലഭ്യമാക്കിയാണ് 15,000 ത്തിലധികം പേര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനങ്ങള്‍ നല്‍കിയത്.
അന്വേഷകര്‍ക്ക് തങ്ങള്‍ മികച്ച രീതിയില്‍ പിന്തുണയും സഹായവും നല്‍കിയതായും യുഎഇ അധികാരികളില്‍ നിന്ന് ഫീസ്, പിഴ ഇളവുകള്‍ നേടിക്കൊടുക്കുന്നതില്‍ കോണ്‍സുലേറ്റ് സജീവമായി ഇടപെട്ടതായും അതിലൂടെ നിരവധി വ്യക്തികള്‍ക്ക് പ്രയോജനം ലഭിച്ചതായും മിഷന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല