സ്വന്തം ലേഖകൻ: രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കുവൈത്തില്‍ കഴിയുന്ന പ്രവാസികള്‍ക്കായി കഴിഞ്ഞ മാര്‍ച്ച് 17ന് പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി 13 ദിവസത്തേക്കു കൂടി നീട്ടി. ജൂണ്‍ 17ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയാണ് ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നത്.
ഓഫീസുകള്‍ക്ക് ബലി പെരുന്നാള്‍ അവധിയായതിനാലും അവസാന ഘടത്തില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിനായുള്ള നിരവധി അപേക്ഷകള്‍ ലഭിച്ച പശ്ചാത്തലത്തിലുമാണ് കാലാവധി ഏതാനും ദിവസങ്ങള്‍ കൂടി നീട്ടാന്‍ തീരുമാനമായത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അസ്സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണിതെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി താമസിക്കുന്ന 120,000 പേരുണ്ടെന്നാണ് അധകൃതര്‍ കരുതുന്നത്. ഇവരില്‍ നിന്ന് അരലക്ഷത്തോളം പേര്‍ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ റമദാന്‍ മാസത്തിന് മുന്നോടിയായി കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം രാജ്യത്ത് താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചോ മറ്റേതെങ്കിലും കാരണത്താലോ അനധികൃതമായി കഴിയുന്നവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യം വിടുന്നതിനോ നിശ്ചിത തുക പിഴ അടച്ച് രാജ്യത്തെ താമസം നിയമപരമാക്കാനോ അവസരമുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമാകി രാജ്യത്തേക്ക് മടങ്ങാന്‍ അവസരമുണ്ടാകും.
അതേസമയം, പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം അനധികൃത പിടിയിലായാല്‍ അവരെ എല്ലാ നിയമ നടപടികള്‍ക്കും ശേഷം നാടുകടത്തുമെന്നും ഇങ്ങനെ നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നീടൊരിക്കലും രാജ്യത്തേക്ക് തിരികെ പ്രവേശിക്കാന്‍ അനുവാദമുണ്ടാവില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ജൂണ്‍ 30ന് ശേഷം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റെസിഡന്‍സി, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള ശക്തമായ കാമ്പെയ്‌നുകള്‍ ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല