1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2024

സ്വന്തം ലേഖകൻ: തൊഴില്‍- വീസ നിയമങ്ങള്‍ക്ക് ലംഘിച്ച് രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്ക് കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 30-ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തേ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 17ന് അവസാനിക്കേണ്ടതായിരുന്നുവെങ്കിലും അവസാനി നിമിഷം ജൂണ്‍ 30ലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ നിയമ ലംഘകര്‍ക്കെതിരായ കര്‍ശന നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താതെ രാജ്യത്ത് കഴിയുന്ന അനധികൃത താമസക്കാര്‍ക്കെതിരായ സുരക്ഷാ, തിരച്ചില്‍ കാമ്പെയ്നുകള്‍ ഏകോപിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എല്ലാ നിയമ ലംഘകര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര, പ്രതിരോധ മന്ത്രി ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മുല്ല യോഗത്തെ അറിയിച്ചതായി മന്ത്രാലയത്തിന്റെ എക്സ് അക്കൗണ്ടില്‍ നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ റമദാന്‍ പ്രമാണിച്ചാണ് മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെ ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്ക് പൊതുമാപ്പ് അനുവദിച്ചത്.

അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണം പിന്നീടത് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. ഈ കാലയളവില്‍ ഒന്നുകില്‍ പിഴയില്ലാതെ രാജ്യം വിടാനും പുതിയ വീസയില്‍ മടങ്ങിവരാനുള്ള സൗകര്യം നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് നല്‍കിയിരുന്നു. അല്ലെങ്കില്‍ നിശ്ചിത സംഖ്യ പിഴയടച്ച് അവരുടെ താമസം നിയമവിധേയമാക്കി മാറ്റി രാജ്യത്ത് തുടരാനും അവരെ അനുവദിച്ചിരുന്നു. എന്നാല്‍ ഈ അവസരം ഉപയോഗപ്പെടുത്താത്തവര്‍ക്കെതിരേയാണ് കര്‍ശന നടപടികള്‍ അധികൃതര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഒരു ലക്ഷത്തിലധികം അനധികൃത പ്രവാസികള്‍ രാജ്യത്ത് താമസിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എത്ര പ്രവാസികള്‍ പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്തിയെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാത്ത നിയമലംഘകര്‍ക്കെതിരെ ആറ് ഗവര്‍ണറേറ്റുകളില്‍ സുരക്ഷാ കാമ്പെയ്നുകള്‍ ശക്തമാക്കുന്നതിനുള്ള പദ്ധതിക്ക് യോഗം അന്തിമരൂപം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.