സ്വന്തം ലേഖകൻ: രാജ്യത്തെ താമസ നിയമലംഘകര്‍ക്ക് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരുമാസം പിന്നിട്ടു. മാര്‍ച്ച് 17 മുതലാണ് പൊതുമാപ്പ് നിലവില്‍ വന്നത്. മൂന്നു മാസത്തേക്ക് അനുവദിച്ച പൊതുമാപ്പ് ജൂൺ 17ന് അവസാനിക്കും. ഇതിനകം നിരവധി പേർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് തിരിക്കുകയും പിഴയടച്ച് രേഖകൾ നിയമപരമാക്കുകയും ചെയ്തു.
അധികൃതരുടെയും അപേക്ഷകരുടെയും സൗകര്യം കണക്കിലെടുത്ത് നിയമലംഘകർക്ക് രേഖകൾ ശരിയാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സമയക്രമം പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രവൃത്തിസമയങ്ങളിൽ എല്ലാ ഗവർണറേറ്റുകളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. താമസരേഖ പ്രശ്നങ്ങൾ പരിഹരിക്കേണ്ടവർ അവർ താമസിക്കുന്ന ഗവർണറേറ്റുകളിലെ ശുഊൻ ഓഫിസിൽ (റെസിഡൻസി അഫയേഴ്സ്) എത്തി ക്ലിയറൻസ് നേടണം.
കുവൈത്ത് വിട്ടുപോയി തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ സാധുവായ പാസ്പോർട്ടോ പുതിയ യാത്രരേഖകളുമായോ വൈകീട്ട് മൂന്നു മുതൽ രാത്രി എട്ടു വരെ മുബാറക് അൽ കബീർ, ഫർവാനിയ ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെൻറുകളിൽ എത്തി രജിസ്റ്റർ ചെയ്യണം. ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ ഇതിനകം രജിസ്റ്റർ ചെയ്ത സാധുവായ പാസ്പോർട്ടുമായി രാജ്യം വിടാൻ ആഗ്രഹിക്കുന്ന നിയമലംഘകർ അഡ്മിനിസ്ട്രേഷൻ ഓഫിസുമായി ബന്ധപ്പെടേണ്ടതില്ല.
ഇത്തരക്കാർക്ക് നേരെ പോകാവുന്നതാണ്. അതിനിടെ പൊതുമാപ്പ് കാലയളവിൽ ഇതുവരെ 1,807 നിയമലംഘകർ കുവൈത്തിൽനിന്ന് മടങ്ങിയതായി അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു. 4,565 പ്രവാസികൾ അവരുടെ താമസരേഖകൾ നിയമപരമാക്കി. രേഖകൾ നഷ്ടപ്പെട്ട 2,801 വ്യക്തികൾക്ക് യാത്രരേഖകൾ നൽകുന്നതിന് വിവിധ രാജ്യങ്ങളിലെ എംബസികൾ സൗകര്യമൊരുക്കി.
പൊതുമാപ്പ് കാലയളവിൽ നാട്ടിലേക്ക് പോകാൻ പാസ്പോർട്ടോ മറ്റ് രേഖകളോ ഇല്ലാത്തവർക്ക് ഇന്ത്യന്‍ എംബസി പാസ്പോർട്ടും എമർജൻസി സർട്ടിഫിക്കറ്റും നൽകും. ഇതിനായി വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചക്ക് രണ്ടു മണി മുതൽ നാലു മണി വരെ ഇന്ത്യൻ എംബസിയുടെ ബി.എൽ.എസ് കേന്ദ്രങ്ങളില്‍ അപേക്ഷ നൽകാം. ഈ രേഖകളുമായാണ് ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെൻറുകളിൽ അപേക്ഷ നൽകേണ്ടത്.
രാജ്യത്തെ പ്രവാസികളെ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പുകളിൽ മലയാളവും. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർക്ക് മലയാളത്തിലും ഹിന്ദിയിലും മറ്റു രണ്ട് ഇന്ത്യൻ പ്രാദേശിക ഭാഷയിലും അറിയിപ്പ് പുറത്തിറക്കി. മറ്റു പ്രവാസികളുടെ ശ്രദ്ധയിലേക്കായി അറബി, ഇംഗീഷ്, ഉർദു, സിംഹള, ബംഗ്ലാദേശ് ഭാഷകളിലും ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല