സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ആശങ്ക വിതച്ച് അമിബിക്ക് ജ്വരം. ഇന്ന് പുലർച്ച കോഴിക്കോട് സ്വദേശി കൂടി മരിച്ചതോടെ സംസ്ഥാനത്തെ ഈ വര്‍ഷത്തെ മരണം മൂന്നായി. മലബാറിലാണ് മൂന്ന് മരണവും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് ഫറോക്ക് സ്വദേശിയായ 12 വയസ്സുകാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ജൂൺ 12 ന് മരിച്ച ദക്ഷയെ ബാധിച്ചത് വെർമമീബ വെർമിഫോറസ് എന്ന അമീബയാണ്. ഇങ്ങനെയൊരു അമീബ ബാധിച്ച മരിക്കുന്ന ലോകത്തെ തന്നെ രണ്ടാമത്തയാളാണ് ദക്ഷ.
കേരളത്തിലെ കുട്ടികളുടെ ജീവനെടുത്ത നെഗ്ലേരിയ ഫൗലെറിയല്ലയും വെർമമീബ വെര്മിഫോറസും ഏകദേശം സമാന സ്വഭാവം കാണിക്കുന്ന അമീബകളാണ്. മനുഷ്യൻ ഇടപെടുന്ന പരിസ്ഥിതിയിൽ തന്നെ സ്വതന്ത്രമായി ജീവിക്കുന്ന അമീബകളാണ് രണ്ടുമെന്നും ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടറായ പദ്മകുമാർ ബി ചൂണ്ടക്കാട്ടുന്നു. ഗുരുതരമായ രോഗബാധകൾ ഉണ്ടാക്കുന്ന അമീബകളുടെ രണ്ട് ഉപവിഭാഗങ്ങൾ മാത്രമാണ് എന്നതാണ് വ്യത്യാസം.
പ്രവർത്തന രീതിയും മരണനിരക്കും എല്ലാം ഏകദേശം ഒന്ന് തന്നെയാണെന്നും ഡോ. പദ്മകുമാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ആലപ്പുഴയിൽ രോഗബാധയുണ്ടാവുകയും മരിക്കുകയും ചെയ്ത കുട്ടിയെ ചികിൽസിച്ചിരുന്നത് ഡോക്ടർ പദ്മകുമാർ ആണ്. കെട്ടിക്കിടക്കുന്നതും മലിനമായതുമായ വെള്ളത്തിൽ നിന്ന് മൂക്കിലൂടെ തലച്ചോറിലെത്തുന്ന അമീബയാണ് രോഗഹേതു. ബാധിച്ചവരിൽ 90 മുതൽ 95 ശതമാനം വരെ മരണസാധ്യതയുള്ള, അതീവ ഗുരുതരമാണ് അവസ്ഥയാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (Amoebic meningoencephalitis).
ഇതുവരെ ആറ് തവണയാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഈ വർഷം മൂന്നാമത്തെ കുട്ടിയാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിക്കുന്നത്. കേരളത്തിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യുന്നത് 2016 ൽ ആലപ്പുഴയിലാണ്. കഴിഞ്ഞ വർഷം വരെ ആകെ ആറ് കേസുകൾ മാത്രമേ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളു. എന്നാൽ ഈ വർഷം, മൂന്ന് കുട്ടികളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സ തേടുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തത്. 2019 ലും 2020 ലും മലപ്പുറത്ത് ഓരോ കുട്ടികൾക്ക് കുട്ടികൾക്ക് കൂടി രോഗം ബാധിച്ചു.
2020 ൽ തന്നെ കോഴിക്കോടും ഒരു രോഗബാധ സ്ഥിരീകരിച്ചിരുന്നു. 2022 ൽ തൃശൂരിലും 2023 ൽ ആലപ്പുഴയിലും ഒരോ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. അങ്ങനെ ഇതുവരെ ആറ് തവണയാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. എന്നാൽ നേരത്തെ സൂചിപ്പിച്ചത് പോലെ, ഈ വർഷം മൂന്നാമത്തെ കുട്ടിയാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള 13 കാരി ദക്ഷ, മലപ്പുറം മുന്നിയൂരിൽ നിന്നുള്ള അഞ്ച് വയസുകാരി, ഫറോക്ക് സ്വദേശിയായ 12 വയസുകാരൻ മൃദുൽ എന്നിവരാണ് കഴിഞ്ഞ ആറു മാസത്തിനിടെ മരിച്ച മൂന്ന് പേർ.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാണപ്പെടുന്ന ‘ബ്രെയിന്‍ ഈറ്റര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന അമീബ മനുഷ്യരുടെ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് അമീബിക് മസ്തിഷ്ക ജ്വരം. കേന്ദ്രനാഡീ വ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന അത്യന്തം മാരകമായ അവസ്ഥയാണ് ഇത്. പതിനായിരത്തിൽ ഒരാൾക്ക് പിടിപെടുന്ന അത്യപൂർവ്വ രോഗം. ഇത് ബാധിക്കുമ്പോൾ തലച്ചോറില്‍ വീക്കമുണ്ടാകുകയും കോശങ്ങള്‍ നശിക്കുകയും ചെയ്യും.
രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് ആദ്യം ഉണ്ടാവുക. എന്നാൽ സാധാരണ പനി എന്ന നിലയിലാണ് പലരും ഇതിന് ചികിത്സ തേടുക. രോഗം ഗുരുതരമാകുമ്പോൾ തലച്ചോറില്‍ അണുബാധ കൂടുതലാകും. തുടര്‍ന്ന് അപസ്മാരം, ഓര്മ നഷ്ടമാകല്‍, ബോധക്ഷയം തുടങ്ങിയ ഉണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല