സ്വന്തം ലേഖകന്‍: പടക്കം പൊട്ടുന്നതിനിടെ ട്രെയിനിന്റെ ശബ്ദം കേട്ടില്ല; അമൃത്സര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണം 61; ദസറ ആഘോഷം സംഘടിപ്പിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണം. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. അമൃത്സറിലെ ഛൗറ ബസാറിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് 6.45 ഓടെയാണ് അപകടം.
രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ഒച്ചകാരണം ട്രെയിനിന്റെ ശബ്ദം ആളുകള്‍ കേട്ടിരുന്നില്ല. ഈ സമയം അതിവേഗമെത്തിയ ജലന്ധര്‍അമൃത്‌സര്‍ എക്‌സ്പ്രസ് പാളത്തില്‍നിന്നിരുന്ന ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ആഘോഷത്തില്‍ പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജോത് കൗര്‍ സിദ്ദു മുഖ്യാതിഥിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പഠാന്‍കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരികയായിയായിരുന്നു ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. മരിച്ചവരില്‍ നിരവധി കുട്ടികളുമുണ്ട്. എഴുന്നൂറോളം പേര്‍ അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അന്വേഷണം പ്രഖ്യാപിച്ചു.
അപകട സ്ഥലത്തേക്ക് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും സംഘത്തെ അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും എല്ലാ സഹായങ്ങളും വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യചികിത്സ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
അമൃത്‌സറില്‍ റെയില്‍വേ ട്രാക്കിന് 200 അടി മാത്രം അകലെയായിരുന്നു ‘രാവണ്‍ ദഹന്‍’ ചടങ്ങിനായി വേദി ഒരുക്കിയിരുന്നത്.
സ്ഥലം കുറവായതിനാല്‍ കുറേപേര്‍ പാളത്തില്‍ കയറിനിന്നു. കോലത്തില്‍ തീ പടര്‍ന്നപ്പോള്‍ ഉള്ളിലുണ്ടായിരുന്ന പടക്കങ്ങള്‍ പൊട്ടിത്തുടങ്ങി. കോലം മറിഞ്ഞ് ദേഹത്തുവീഴാനുള്ള സാധ്യത മുന്‍നിര്‍ത്തി ആളുകള്‍ പാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ചിലര്‍ ഈ സമയം രാവണ്‍ ദഹന്‍ ചടങ്ങുകള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. അതിനിടെയാണ് വേഗത്തിലെത്തിയ ട്രെയിന്‍ ആളുകള്‍ക്കുമേല്‍ പാഞ്ഞുകയറിയത്. ദുരന്തമായി മാറിയ ദസറ ആഘോഷ പരിപാടിക്ക് അധികൃതരുടെ അനുമതി ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല