പൈങ്കിളി സീരിയലുകളെ വെല്ലുന്ന റിയാലിറ്റി ഷോകള്‍ കൊണ്ടു സമ്പന്നമാണ് മലയാളം ചാനലുകള്‍.കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ വഴിതെറ്റിക്കുന്ന റിയാലിറ്റി ഷോകള്‍ നിരന്തരം പെരുകി കൊണ്ടിരിക്കുന്നു.പകര്‍ച്ച വ്യാധി പോലെ അതു ചാനലില്‍ നിന്നു ചാനലിലേക്കും വിഷയങ്ങളില്‍ നിന്നു വിഷയങ്ങളിലേക്കും വ്യാപിക്കുകയാണ്.കാണികള്‍ ഏറുന്നതിനാനുസരിച്ച് അവതാരകരുടെയും വിധികര്‍ത്താക്കളുടെയും അഴിഞ്ഞാട്ടവും കൂടുന്നുണ്ട്. ചില കുറ്റവാളികളെ വിചാരണ ചെയ്യുന്ന പോലെ മത്സരാര്‍ഥികളെ വിധിക്കുന്ന ‘ജഡ്ജിമാരെയും’ നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണല്ലോ, ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ അവതാരക ഒന്നാംതരം ഉദാഹരണമാണ്.ആ അവതാരകയുടെ വേഷവും ഭാവവും പ്രകടനങ്ങളും കൊഞ്ഞ “മലയാല”വും ചൈനീസ് ഇംഗ്ലീഷും ആരെയും നാണിപ്പിക്കാന്‍ പോരുന്നതാണ്. ആവശ്യത്തിലെറെ പ്രാധാന്യം കൊടുത്ത് ചാനല്‍ പ്രമാണിമാര്‍ അപക്വമതിയായ ആ പെണ്‍കുട്ടിയെ ഒരുതരം മിഥ്യാലോകത്തില്‍ എത്തിച്ചിരിക്കുന്നു;ഒരു പറ്റം കാണികളെയും.
ഇതേ റിയാലിറ്റിഷോയുടെ ഒരു സ്ഥിരം വിധികര്‍ത്താവാകട്ടെ അവതാരകയെ വെല്ലുന്ന പ്രകടനമാണ് നടത്തുന്നത്.നാട്ടിന്‍ പുറത്തു നിന്നെത്തുന്ന പല മത്സരാര്‍ത്ഥികളെയും ഒരു തരം റാഗിങ്ങിലൂടെയാണ് ഇദ്ദേഹം നേരേയാക്കി എടുക്കുന്നത്. യുഗ്മ ഗാനങ്ങള്‍ വല്ലപാടും പാടി(അല്ല; അഭിനയിച്ച്) തീര്‍ക്കുന്ന കുട്ടികളോട് “ഒന്നൂടെ അടുത്തു നിന്നേ,കെട്ടിപ്പിടിച്ച് പാടിക്കേ”എന്നെല്ലാം പറഞ്ഞ് ആഭാസകരമായ രംഗം ആവ്രര്‍ത്തിപ്പിച്ച് രസിക്കുക ഇദ്ദേഹത്തിന്റെ പതിവാണ്.താന്‍ അവതാരകനും സംവിധായകനുമായുള്ള “സരിഗമ” എന്ന പരിപാടിയിലും ഇത്തരം തറവേലകള്‍ ഇദ്ദേഹം കാട്ടാറുണ്ട്.ഗായകരും അഭിനേതാക്കളുമായ ആണ്‍ പെണ്‍ ജോഡികളോട് സംഗീത സംബന്ധമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ അശ്ലീലം കലര്‍ന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും വിവാഹ ദല്ലാള്‍ പണിയും ഇദ്ദേഹം നടത്തും.ഇഷ്ടമില്ലാത്തവരെ തെറി പറയാനും പര ദൂഷണത്തിനും “സരിഗമ”യുടെ വേദി ഉപയോഗിക്കപ്പെടുന്നുണ്ട്.
ഇതൊക്കെ പഴങ്കഥകള്‍ ,പുതുകഥകള്‍ വന്നു കൊണ്ടിരിക്കുയാണ് ‘ജഡ്ജിമാര്‍’ ഒടുവില്‍ കോടതി കാണാന്‍ പോകുകയാണല്ലോ. ഏഷ്യാനെറ്റ് നടത്തിവരുന്ന ജനപ്രിയ റിയാലിറ്റി ഷോ ആയ ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫൈവ് ഫൈനലില്‍ വിജയിയെ പ്രഖ്യാപിക്കുന്നതിനുള്ള ജഡ്‌ജ്‌മെന്റ് ഗാനഗന്ധര്‍വന്‍ പത്മശ്രീ ഡോ. കെ.ജെ. യേശുദാസ് സ്വാധീനിച്ചതായി ആരോപണം ഉയര്‍ന്നതാണ് ഇതുവരെയും മത്സരാര്‍ഥികളെ തിരിച്ചും മറിച്ചും വിശലകലനം ചെയ്ത ജഡ്ജിമാരെ നമ്മുടെ സാക്ഷാല്‍ കോടതിയ്ക്ക് നേരിട്ട് വിശകലനം ചെയ്യാനുള്ള അവസരം ഒരുക്കി കൊടുത്തിരിക്കുന്നത്. എന്തായാലും ഇനി നമുക്ക് ജഡ്ജിമാരെ വിലയിരുത്തുന്നതും കാണാം പറ്റും എന്നോര്‍ത്ത് ആഹ്ലാദിക്കാം.
അഡീഷണല്‍ മുന്‍സിഫ് കോടതി, ഏഷ്യാനെറ്റ് ചാനലില്‍ നടന്നു വരുന്ന സ്റ്റാര്‍ സിംഗര്‍ റിയാലി ഷോയ്ക്ക് എതിരേ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചതോട് കൂടി വിവിധ ബ്ലോഗുകളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും പ്രതിഷേധം പൊടിപൊടിയ്‌ക്കുകയാണ്. മുന്‍പ് പലവട്ടം റിയാലിറ്റി ഷോകള്‍ ശുദ്ധ സംഗീതത്തെ നശിപ്പിക്കും എന്നു പറഞ്ഞ് നിരവധി വേദികളില്‍ കടുത്ത വിമര്‍ശനം തന്നെ അഴിച്ചുവിട്ടിട്ടുള്ള ഗാനഗന്ധര്‍വന്‍ സ്റ്റാര്‍ സിംഗര്‍ ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുത്തത് എന്തിനു വേണ്ടിയായിരുന്നു എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല, എന്തിനു വേണ്ടിയെന്നും ആര്‍ക്കു വേണ്ടിയെന്നും വിധി പ്രഖ്യാപന ശേഷം നമുക്കെല്ലാം മനസിലായ കാര്യമാണ്.
ഗാനഗന്ധര്‍വന്‍ ഭാര്യയോടൊത്ത് മുന്‍ നിരയില്‍ തന്നെ ഇരിപ്പുറപ്പിച്ചിരുന്ന അദ്ദേഹം എല്ലാ ഗാനങ്ങള്‍ക്കും സ്വതസിദ്ധമായ ശൈലിയില്‍ താളമിടുന്നതും, ഫൈനലിലെ ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ ആന്റണി ജോണ്‍ തേര്‍ഡ് റണ്ണറപ്പും അഖില്‍ കൃഷ്‌ണന്‍ അഞ്ചാം സ്ഥാനവും നേടി പുറത്തായ ശേഷം ഏറ്റവുമൊടുവില്‍, ആദ്യ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുന്നതിനായി നടന്ന റൗണ്ടികല്‌പന പാടിയത് വെസ്‌റ്റേണ്‍ മ്യൂസിക്കും ഇന്ത്യന്‍ മ്യൂസിക്കും ചേര്‍ന്ന്‌ന ഒരു ഫ്യൂഷന്‍ ഗാനമാണ്. സാധാരണക്കാര്‍ക്ക് ആര്‍ക്കും പിടികിട്ടില്ലെന്ന് ഉറപ്പുള്ള ആ ഗാനത്തിന്സദ്ദസ്സിന്റെ മുന്‍നിരയില്‍ ഇരുന്നിരുന്ന ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസ് എണീറ്റു നിന്ന് കൈയ്യടിച്ചത് അദ്ദേഹത്തിന് ആ ഗാനം അറിയാമെന്നു നാട്ടുകാരെ അറിയിക്കാനോ അതോ കല്‍പ്പന എന്റെ ‘കുട്ടിയാണെന്ന്’ വിളിച്ചു പറയാനോ?
മറ്റ് രണ്ട് കുട്ടികളുടേയും പാട്ട് കൊള്ളില്ലെന്ന് പറയുന്നതുപോലെയായി ആ കൈയ്യടി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, മാത്രവുമല്ല മാര്‍ക്ക് ഇടാന്‍ ഇരിക്കുന്ന ജഡ്‌ജിമാര്‍ക്ക് കൂടി കാണാവുന്ന തരത്തിലാണ് ഡോ. കെ.ജെ യേശുദാസ് ഇരുന്നിരുന്നത്. കല്‌പനയുടെ പാട്ട് താന്‍ പോലും ബഹുമാനിക്കുന്ന മട്ടിലുള്ളതാണെന്നുള്ള പ്രഖ്യാപനം കൂടിയായി മാറി ആ കൈയ്യടിയെന്ന് കാണുന്നവര്‍ക്ക് എല്ലാവര്‍ക്കും മനസ്സിലാകും. ഗാനഗന്ധര്‍വന്‍ എണീറ്റ് നിന്ന് കൈയ്യടിച്ചാല്‍ പിന്നെ ഗാനകോകിലം എന്തു ചെയ്യും. അതുകൊണ്ട് തന്നെ ജഡ്‌ജിമാരുടെ ഇടയില്‍ നിന്നും ഇത് കണ്ടിരുന്ന ഗാനകോകിലവും എണീറ്റ് നിന്നു തന്നെ കൈയ്യടിച്ചു. ഒപ്പം ഇരുന്നിരുന്ന തമിഴ് ഗായികയായ ജഡ്‌ജി അനുരാധാ ശ്രീറാം പിന്നെ എന്തു ചെയ്യും. അവരും കൂടി എണീറ്റ് നിന്നു കൈയ്യടിച്ചു. അണ്ണാച്ചിയും ചിരിക്കുട്ടനും ഇരിപ്പിടങ്ങളില്‍ നിന്നും എണീറ്റിരുന്നില്ല. അല്ല ഈ അണ്ണാച്ചിക്കു പണ്ടേ വെസ്റ്റേര്‍ണ്‍ അലര്‍ജിയാണെന്ന് നമുക്കെല്ലാം അറിയാമല്ലോ.
ഗാനഗന്ധര്‍വന്‍ നടത്തിയ ഈ നടപടി തന്റെ പിന്തുണ ആര്‍ക്കാണെന്ന് വ്യക്തമാക്കുന്നതായിരുന്നു എന്നതിനേക്കാള്‍ കൂടുതലായി ആരുടെ പാട്ടാണ് നല്ലത് എന്നു വിലയിരുത്തി മാര്‍ക്ക് ഇടുന്നതു പോലെയായി മാറുകയായിരുന്നു. കല്‌പനയല്ലാതെ മറ്റാര്‍ക്കെങ്കിലും ഒന്നാം സ്ഥാനം ലഭിച്ചാല്‍ അത് ജഡ്‌ജിമാര്‍ക്ക് മാര്‍ക്ക് ഇടാന്‍ കഴിവില്ലാത്തതുകൊണ്ടാണ് എന്നും വിമര്‍ശിക്കപ്പെടാവുന്ന ഒരു സ്‌തിതി വിശേഷം അവിടെ ഉളവാക്കി. ഇതോടെ എന്തു തന്നെ സംഭവിച്ചാലും ഒന്നാം സ്ഥാനം കല്‌പനയ്‌ക്ക് തന്നെ നല്‍കണം എന്ന സമ്മര്‍ദ്ദം ജഡ്ജിമാരെ നയിക്കുമെന്ന് ഉറപ്പാണല്ലോ. തുടര്‍ന്നു വേദിയിലെത്തിയ നമ്മുടെ റിയാലിറ്റി ഷോകള്‍ക്ക് എതിരു പറഞ്ഞു നടന്ന ദാസേട്ടന്‍ ആറല്ല, അറുപതല്ല, ആറായിരം സീസണ്‍ വരെ സ്റ്റാര്‍ സിംഗര്‍ തുടരട്ടെ എന്ന് ആശംസിക്കുകയും ചെയ്‌തു.
പ്രസംഗത്തിനിടെ തനിക്ക് ചെറുപ്പകാലം മുതലേ കല്‌പനയുടെ കുടുംബവുമായി ഉള്ള ബന്ധവും കല്‌പനയുടെ കുടുംബത്തിന്റെ സംഗീതപാരമ്പര്യവും കല്‌പനയുടെ കര്‍ണ്ണാട്ടിക്, വെസ്‌റ്റേണ്‍ മ്യൂസിക്കില്‍ ഉള്ള അഗാധ പാണ്ഡിത്യവും എല്ലാം അദ്ദേഹം വാനോളും പുകഴ്‌ത്തി. മറ്റുള്ള രണ്ട് പേര്‍ക്കും പാട്ട് അറിയില്ലെന്ന് പറഞ്ഞില്ലെങ്കിലും ഇത്രയും വലിയ സംഭവമായ കല്‌പനയ്‌ക്കല്ലാതെ ആര്‍ക്ക് നല്‍കും ഒന്നാം സമ്മാനം എന്നുള്ള ധ്വനി ആ വാക്കുകളില്‍ നിറഞ്ഞു നിന്നു. അതിനു ശേഷം കുറേ സ്‌റ്റേജ് പരിപാടികള്‍ കൂടി കഴിഞ്ഞതിനു ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്. കല്‌പനയെ അല്ലാതെ ആരെയെങ്കിലും വിജയിയായി പ്രഖ്യാപിച്ചാല്‍ അത് വിവരം കെട്ട ജഡ്‌ജിമാരുടെ പ്രകടനമാകുമെന്ന് പരസ്യവിമര്‍ശനം ഉയര്‍ന്നേനെ. അങ്ങനെയല്ലാഞ്ഞിട്ടും ജഡജിമാര്‍ക്ക് സിവില്‍ പ്രൊസീജിയര്‍ കോഡ് റൂള്‍ 39 ഓര്‍ഡര്‍ 1, 2 പ്രകാരം അഡ്വ. പുഞ്ചക്കരി ജി.രവീന്ദ്രന്‍ നായര്‍ മുഖേനെ തിരുവനന്തപുരം ആനയറ സ്വദേശി എന്‍.ആര്‍. ഹരിയും, തിരുമല സ്വദേശി എം. അരവിന്ദും ചേര്‍ന്ന് കഴിഞ്ഞ മാസം 29 ണ് സമര്‍പ്പിച്ച അന്യായതിന്മേല്‍ കോടതി കയറേണ്ടി വന്നത് ‘വിധി’ തന്നെ!
ഒക്‌ടോബര്‍ 10 നായിരിക്കും സീസണ്‍ സിക്സ് പ്രോഗ്രാമിനെതിരായ ഇഞ്ചങ്‌ഷന്‍ പെറ്റീഷന്‍ പരിഗണിക്കുന്നത്. സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫൈവ് റിസല്‍ട്ട് അസ്ഥിരപ്പെടുത്തണമെന്ന ഹര്‍ജി ഡിസംബര്‍ 3 മൂന്നിന് പരിഗണിയ്ക്കും. അന്നേ ദിവസത്തേയ്ക്ക് ഹാജരാകാന്‍ ഈ കേസില്‍ പ്രതികളായി കക്ഷി ചേര്‍ക്കപ്പെട്ട ഏഷ്യാനെറ്റ് ചാനല്‍, ജഡ്‌ജിമാര്‍, ഡോ.കെ.ജെ യേശുദാസ് എന്നിവര്‍ക്ക് സമന്‍സ് അയയ്ക്കാന്‍ കോടതി ഉത്തരവായിട്ടുണ്ട്.
ഒടുവില്‍ ഗാനഗന്ധര്‍വന്‍ തന്നെ പ്രഖ്യാപിച്ച റിസല്‍ട്ടില്‍ ഒന്നാം സ്ഥാനം കല്‌പനയ്‌ക്ക്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവരുടെ പാട്ട് കേട്ടുകൊണ്ടിരിക്കുന്ന കാണികള്‍ നല്‍കിയ എസ്.എം.എസ് വോട്ട് അനുസരിച്ച് കല്‌പനയ്‌ക്ക് രണ്ടാം സ്ഥാനത്ത് എത്തിയ മൃദുല വാര്യരുടെ പകുതി വോട്ട് പോലുമില്ല. എസ്.എം.സില്‍ ഒന്നാം സ്ഥാനം മൂന്നാം സമ്മാനത്തിന് അര്‍ഹനായ ഇമ്മാനുവല്‍ ഹെന്‍ട്രിക്കാണ് താനും. പുറത്തു പോകുന്നത് എസ് എം എസിന്റെ കുറവുമൂലമാണെന്നാണ് പലപ്പോഴും നമ്മുടെ കുട്ടികളെ പുറത്താക്കലിന്റെ പിന്നിലെ ഐഡിയ, എന്നാല്‍ ഇക്കാര്യത്തില്‍ കാരണം അതുമല്ല എന്നതാണ് ഏറെ വിചിത്രം. ഏതായാലും ഗാനഗന്ധര്‍വനും ഏഷ്യാനെറ്റും ചേര്‍ന്ന് നടത്തിയ ഈ നാടകത്തിനെതിരേ ജനരോഷം ആര്‍ത്തിരമ്പുകയാണ്, എന്നാലും ഇപ്പോള്‍ തീര്‍ച്ചയായും നമുക്കെല്ലാം ചില സംശയങ്ങള്‍ ഉണ്ടാകുക സ്വാഭാവികം, ഇതിന്റെയൊക്കെ പിന്നിലെ റിയാലിറ്റി എന്താണാവോ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല