ആശുപത്രി അധികൃതരുടെ ചുവപ്പുനാടയില്‍ കുടുങ്ങി ഒരു അനധികൃത പ്രവാസി പതിമ്മൂന്നുമാസമായി ആശുപത്രിയില്‍ കഴിയുന്നു. ഇയാളുടെ ആശുപത്രി ചിലവിന് ഇതുവരെ വേണ്ടി വന്ന ഒരു ലക്ഷം പൗണ്ട് നികുതിദായകരുടെ കയ്യില്‍ നിന്നാണ് സര്‍ക്കാര്‍ ഈടാക്കിയിരിക്കുന്നത്.
നാല് വര്‍ഷം മുമ്പ് വിസ കാലാവധി തീര്‍ന്ന ഒരു പാകിസ്ഥാന്‍കാരനാണ് ഇപ്പോഴും ബ്രിട്ടനില്‍ തുടരുന്നത്. അനധികൃതമായി രാജ്യത്ത് കഴിയുന്നതിന് ഇയാളെ കഴിഞ്ഞവര്‍ഷം പൊലീസ് പിടിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇയാളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇയാളെ മടക്കി അയക്കാനുള്ള വിമാനം ബുക്ക് ചെയ്യുന്നതില്‍ ബ്രിട്ടീഷ് ബോര്‍ഡര്‍ ഏജന്‍സിക്കുണ്ടായ വീഴ്ച മൂലമാണ് ഒരു വര്‍ഷമായി ഇയാള്‍ ഇവിടെ തന്നെ കഴിയുന്നത്. ഡിസ്ചാര്‍ജായെങ്കിലും ഇയാള്‍ക്ക് ആരുടെയെങ്കിലും സഹായം അത്യാവശ്യമാണ്. എന്നാല്‍ ഡിസ്ചാര്‍ജായതിനാല്‍ നഴ്‌സിംഗ് സൗകര്യം നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറല്ല. അതിനായി ഇയാള്‍ക്ക് സ്വദേശത്തേക്ക് മടങ്ങേണ്ടതുണ്ട്. ടോറി എം.പിയായ മാര്‍ഗറ്റ് ജെയിംസ് ഈ പ്രശ്‌നം പാര്‍ലമെന്റില്‍ ഉയര്‍ത്തിയതോടെയാണ് സംഭവം വിവാദമായത്.
ഡട്ലിയിലെ റസല്‍സ് ഹോള്‍ ആശുപത്രിയില്‍ കഴിയുന്ന ഇയാള്‍ക്ക് നാട്ടിലേക്ക് പോകുമ്പോള്‍ നല്‍കേണ്ട മെഡിക്കല്‍ എസ്‌കോര്‍ട്ട് സൗകര്യം നല്‍കാന്‍ ആശുപത്രിയില്‍ സജ്ജീകരണങ്ങളില്ലാത്തതും ഇയാളുടെ മടക്ക യാത്ര വൈകിക്കുന്നു എന്നാണ് അറിയുന്നത്. പാകിസ്ഥാനിലുള്ള ഇയാളുടെ കുടുംബാംഗങ്ങള്‍ ലണ്ടനില്‍ ഇയാള്‍ക്ക് നഴ്‌സിംഗ് സൗകര്യം തയ്യാറാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും നടന്നിട്ടില്ല.
കുടിയേറ്റ ക്യാമ്പുകളില്‍ മെഡിക്കല്‍ സൗകര്യം ഇല്ലാത്തതിനാല്‍ അവിടേക്കും ഇയാളെ മാറ്റാന്‍ സാധിച്ചിട്ടില്ല. യു.കെ ബോര്‍ഡര്‍ ഏജന്‍സിയില്‍ നിന്നുള്ള അനുമതിക്കായി കാത്തു നില്‍ക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയച്ചതിനെ തുടര്‍ന്ന് മാര്‍ഗറ്റ് ജെയിംസ് ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. അനധികൃത പ്രവാസികളെ ഇത്തരത്തില്‍ ദ്രോഹിക്കുന്നതും അതുവഴി നികുതി ദായകര്‍ക്ക് നഷ്ടമുണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പാര്‍ലമെന്റില്‍ പ്രവാസ മന്ത്രി ഡമെയ്ന്‍ ഗ്രീനിനോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല