സ്വന്തം ലേഖകന്‍: ഫെയ്സ്ബുക്ക് വിവര ചോര്‍ത്തല്‍ നടത്തിയ കേംബ്രിജ് അനലറ്റിക്ക കേരളത്തിലും ഇടപെടല്‍ നടത്തിയതായി വെളിപ്പെടുത്തല്‍. മലയാളികള്‍ക്ക് ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങളാണ് തേടിയതെന്ന് അനലറ്റിക്ക മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്ലിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
കേംബ്രിഡ്ജ് അനലറ്റിക്കയുടെ മാതൃകാ സ്ഥാപനമായ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസ് (എസ്സിഎല്)ആണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിവര ശേഖകരണം നടത്തിയത്. രാജ്യത്തെ 600 ജില്ലകളില്‍ നിന്നായി ഏഴ് ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ നിന്ന് വിവര ശേഖരണം നടത്തിയെന്ന് വെയ്ലി വ്യക്തമാക്കി.
ഇന്ത്യയിലെ ജാതി സെന്‍സസിനെയും രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് കാംപെയ്നുകളെയും അടിസ്ഥാമാക്കിയാണ് 2003 മുതല്‍ എസ്സിഎല് വിവരങ്ങള്‍ ശേഖരിച്ചതെന്നും വെയ്ലി പറഞ്ഞു. കേംബ്രിഡ്ജ് അനലറ്റിക്കയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതു മുതല്‍ ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം തന്നെ ബന്ധപ്പെടുന്നുണ്ടെന്നും ഇവരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് തന്റെ വെളിപ്പെടുത്തലെന്നും പറഞ്ഞ വെയ്ലി കേരളത്തിനു പുറമേ പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വിവര ശേഖരണം നടത്തിയെന്നും വ്യക്തമാക്കി.
2012ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി ജാതി സെന്‍സസ് നടത്തിയെന്നും 2007ലെ തെരഞ്ഞെടുപ്പുസമയത്ത് ബൂത്ത് തലത്തില്‍ രാഷ്ട്രീയ സര്‍വേ നടത്തിയെന്നും വെയ്ലി വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല