മലയാളി താരങ്ങളായ അസിനും നയന്‍താരയും ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരങ്ങളായത് പോലും താനും ഒരുദിവസം ‘വിലപിടിച്ച’ താരമായി മാറുമെന്ന് അനന്യ. ‘എങ്കേയും എപ്പോതും’ എന്ന തന്റെ പുതിയ സിനിമയെ പറ്റി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അനന്യ. പുതുമുഖ സംവിധായകനായ ശരവണന്റെ ‘എങ്കേയും എപ്പോതും’ എന്ന സിനിമ മികച്ച അഭിപ്രായം നേടിക്കൊണ്ട് തമിഴ്നാട്ടില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
“താരത്തെ സൃഷ്ടിക്കുന്നത് സംവിധായകനാണ്. ‘എങ്കേയും എപ്പോഴും’ എന്ന സിനിമയില്‍ ശരവണന്‍ സാര്‍ എന്നെ നന്നായി ഉപയോഗപ്പെടുത്തി. വളരെ നല്ല അഭിപ്രായമാണ് എന്റെ കഥാപാത്രത്തെ പറ്റി പ്രേക്ഷകരില്‍ നിന്ന് എനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. അസിന്‍, നയന്‍താരാ എന്നീ താരങ്ങളെ പോലെ ഞാന്‍ മാറുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ശരവണന്‍ സാറിനെ പോലുള്ള സംവിധായകരുടെ സിനിമകള്‍ എനിക്ക് വീണ്ടും വീണ്ടും ലഭിച്ചാല്‍ ഞാനും ഒരുനാള്‍ വിലപിടിച്ച താരമാകും” – അസിന്‍ പറയുന്നു.
‘പൈ ബ്രദേഴ്സ്’ എന്ന മലയാളം സിനിമയില്‍ ബാലതാരമായിട്ടാണ് അനന്യ അഭിനയം തുടങ്ങുന്നത്. ‘പോസറ്റീവ്’ എന്ന മലയാളം സിനിമയില്‍ നല്ലൊരു റോള്‍ ചെയ്തുകൊണ്ട് നായികനടി ആയി. തുടര്‍ന്ന് ‘നാടോടികള്‍’ എന്ന തമിഴ് സിനിമയിലൂടെ അനന്യ പ്രശസ്തയാവുകയായിരുന്നു. ശിക്കാര്‍ എന്ന സിനിമയിലെ അനന്യയുടെ പ്രകടനം കണ്ട് ‘മലയാളത്തിന്റെ വിജയശാന്തി’ എന്നാണ് സാക്ഷാല്‍ മോഹന്‍ലാല്‍ ഈ നടിയെ വിശേഷിപ്പിച്ചത്.
കന്നഡയും തെലുങ്കുമടക്കം എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുള്ള അനന്യയിപ്പോള്‍ എട്ട് പടങ്ങളില്‍ കരാറായിട്ടുണ്ട്. അനന്യയുടെ ഏറ്റവും പുതിയ സിനിമകളായ “ഡോക്‌ടര്‍ ലവ്”, “എങ്കേയും എപ്പോതും” എന്നീ സിനിമകള്‍ വന്‍ ഹിറ്റുകളായി മാറിയതോടെ അസിന്‍, നയന്‍താര റേഞ്ചിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവതാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല